സ്വാതന്ത്ര്യദിനത്തില്‍ വേറിട്ട അനുഭവമായി മാലിന്യ നിര്‍മാര്‍ജനം

ചെങ്ങമനാട്: സ്വാതന്ത്ര്യദിനത്തില്‍ ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി വേറിട്ട കാഴ്ചയായി. പഞ്ചായത്താകെ ബാധിച്ച മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന സമ്പൂര്‍ണ മാലിന്യവിമുക്ത പദ്ധതിയുടെ ഒന്നാം ഘട്ടമാണ് തിങ്കളാഴ്ച പൂര്‍ത്തിയാക്കിയത്. മാലിന്യവിമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ നാലുമാസം മുമ്പ് ആരംഭിച്ച പദ്ധതിയാണ് മാനിയ-2016. കോഴിക്കോട് നിറവ് ഓര്‍ഗാനിക് വില്ളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം ചില്ലുകള്‍, പഴകിയ പ്ളാസ്റ്റിക് ചെരിപ്പുകള്‍, ബാഗുകള്‍, ലൈറ്റുകള്‍, മറ്റ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയാണ് നിര്‍മാര്‍ജനം ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. മൂന്ന് മാസത്തിലൊരിക്കലായിരിക്കും ഇത്തരത്തില്‍ പഞ്ചായത്ത് ഇടപെട്ട് മുഴുവന്‍ വാര്‍ഡുകളിലെയും മാലിന്യം നീക്കുക. 18 വാര്‍ഡുകളിലെയും ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, സന്നദ്ധസംഘടനകള്‍, വ്യാപാരികള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവരെല്ലാം പദ്ധതിയുമായി സഹകരിച്ചു. ഒരു വാര്‍ഡില്‍നിന്ന് ഏകദേശം മൂന്നര ടണ്ണോളം മാലിന്യമാണ് രണ്ടാഴ്ചകൊണ്ട് ലഭിച്ചത്. 14 ചരക്കുലോറികളിലായി 70 ടണ്ണിലധികം മാലിന്യമാണ് സ്വാതന്ത്ര്യദിനത്തില്‍ കയറ്റി അയച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിലെ പ്രധാന പരിപാടിയുമായിരുന്നു ഇത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ് മാലിന്യം കയറ്റിയ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. മോഹന്‍ കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. സുധീര്‍, ദിലീപ് കപ്രശേരി, ലത ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.