സാമൂഹികനീതി സര്‍ക്കാര്‍ ഉറപ്പു വരുത്തും –മന്ത്രി ഇ.പി. ജയരാജന്‍

കൊച്ചി: കാര്‍ഷിക, വ്യവസായരംഗത്തെ വന്‍ കുതിപ്പിന് നാടിനെ സജ്ജമാക്കുകയും സാമൂഹികനീതി ഉറപ്പുവരുത്തുകയുമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം കൈവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാലിന്യനിര്‍മാര്‍ജനം, ജീവിതശൈലി രോഗ പ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഐശ്വര്യസമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹികനീതി ഉറപ്പു വരുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് വിവിധ ജനവിഭാഗങ്ങളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് രാഷ്ട്രം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാകും. ഭീകരവാദത്തെയും തീവ്രവാദത്തെയും ഇല്ലായ്മ ചെയ്യാന്‍ ജനശക്തി ഉയര്‍ന്നുവരണം. ജനശക്തിയെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ, വിഘടനവാദികളെ ഒന്നിച്ച് നേരിടണമെന്നും ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി.കെ. പ്രകാശ്, അസി. കലക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരേഡില്‍ മുഖ്യാതിഥിയായത്തെിയ മന്ത്രിയെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പതാക ഉയര്‍ത്തിയതിന് ശേഷം പരേഡ് കമാന്‍ഡര്‍ വി.ആര്‍. സെബാസ്റ്റ്യന്‍െറ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പരേഡ് പരിശോധിച്ചു. ജില്ല ആംഡ് റിസര്‍വ് പൊലീസ് കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ലോക്കല്‍ പൊലീസ്, വനിത പൊലീസ്, സീ കേഡറ്റ് കോര്‍പ്സ് സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി ആര്‍മി സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി ആര്‍മി സീനിയര്‍ വിങ് എന്നിവയാണ് പരേഡില്‍ അണിനിരന്ന സായുധ പ്ളറ്റൂണുകള്‍. ആയുധമില്ലാത്ത പ്ളറ്റൂണുകളുടെ ഭാഗമായി എക്സൈസ്, സീ കേഡറ്റ് കോര്‍പ്സ് ജൂനിയര്‍ ഡിവിഷന്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ് എന്നിവയും പരേഡില്‍ അണിനിരന്നു. എറണാകുളം സെന്‍റ് തെരേസാസ് ഹൈസ്ക്കൂള്‍, സീ കേഡറ്റ് കോര്‍പ്സ് കൊച്ചി യൂനിറ്റ് എന്നീ ബാന്‍ഡ് സംഘങ്ങളും പങ്കെടുത്തു. എറണാകുളം ഗവ. ഗേള്‍സ് ഹൈസ്ക്കൂളിലെ ഗായകസംഘം ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. വിവിധ വകുപ്പുകള്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളായ പി.വി. വര്‍ക്കി, എം.ഇ. അലിക്കുഞ്ഞ് എന്നിവരെ മന്ത്രി ആദരിച്ചു. പൊലീസ് വകുപ്പിലെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് അര്‍ഹരായവര്‍ക്കുള്ള ട്രോഫികളും മെഡലുകളും പരേഡിലെ മികച്ച പ്ളറ്റൂണുകള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.