ഇന്‍റര്‍ സ്കൂള്‍ ഫുട്ബാള്‍: എം.എ.എച്ച്.എസ് ജേതാക്കള്‍

ആലുവ: അങ്കമാലി ഉപജില്ല ഇന്‍റര്‍ സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ എം.എ.എച്ച്.എസ് നെടുമ്പാശ്ശേരി ടീം ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാണിക്യമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ടീം പരാജയപ്പെടുത്തിയത്. ജനസേവ സ്പോര്‍ട്സ് ടീമിന്‍െറ കരുത്തിലായിരുന്നു എം.എ.എച്ച്.എസിന്‍െറ വിജയം. ജനസേവ ടീമിലെ മണികണ്ഠന്‍ (ക്യാപ്റ്റന്‍), ഗൗതം തമ്പാന്‍ (ഗോളി), കാര്‍ത്തിക്, സൂര്യ, ഗിരീഷ്, വടിവേലു, മനു, ഗോവിന്ദ്, അജിത്ത്കുമാര്‍, മുത്തു, മുസ്തഫ, ആര്‍. മണികണ്ഠന്‍, ഡി. മണികണ്ഠന്‍ എന്നിവരാണ് കളത്തിലിറങ്ങിയത്. ഇവരില്‍ അജിത്ത്, ഗോവിന്ദ്, മനു എന്നിവരാണ് ഗോള്‍ നേടിയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ തെരുവിന്‍െറ പീഡനങ്ങള്‍ സഹിച്ച് ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഈ കുട്ടികളെ സംരക്ഷണത്തിനായി ജനസേവ ഏറ്റെടുത്തത്. ജനസേവ സ്പോര്‍ട്സ് അക്കാദമിയിലെ വിദഗ്ധ പരിശീലനത്തിലൂടെയായിരുന്നു കായികരംഗത്തെ ഇവരുടെ വളര്‍ച്ച. മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ സോളി സേവ്യര്‍, എം.പി. കലാധരന്‍ എന്നിവരാണ് ജനസേവ സ്പോര്‍ട്സ് അക്കാദമിയിലെ ഫുട്ബാള്‍ പരിശീലകര്‍. ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ് അഡ്വ. ചാര്‍ളിപോളും ചെയര്‍മാന്‍ ജോസ് മാവേലിയും വിജയശില്‍പികളായ കായികതാരങ്ങളെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.