കാറുകള്‍ കൂട്ടിയിടിച്ച് ചേന്ദമംഗലം കവലയിലെ സിഗ്നല്‍ ലൈറ്റ് തകര്‍ന്നു

പറവൂര്‍: നിയന്ത്രണംവിട്ട കാറുകള്‍ തമ്മിലിടിച്ച് ചേന്ദമംഗലം കവലയില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റ് തകര്‍ന്നു. രണ്ട് കാറുകള്‍ക്കും കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് കവലയില്‍ അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്ന് പേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ടാക്സി കാറിന്‍െറ മുന്‍വശവും രണ്ട് ഡോറുകളും തകര്‍ന്നു. ടാക്സി കാര്‍ മെയിന്‍ റോഡില്‍നിന്നും ഇന്നോവ കാര്‍ ചേന്ദമംഗലം ഭാഗത്തുനിന്നും വരുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിയന്ത്രണംവിട്ട് സമീപത്തെ സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. രണ്ട് കാറിലുമായി എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു. സ്വകാര്യ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോകുമ്പോഴാണ് അപകടം നടന്നത്. പറവൂര്‍ മേഖലയിലെ കവലകള്‍ ഇടുങ്ങിയതും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രധാന കവലകളില്‍ പലയിടങ്ങളിലും ഇലട്രിക് പോസ്റ്റുകള്‍ റോഡിലേക്ക് ഇറങ്ങി കിടക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. കൂടാതെ ദിശാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ്. കെ.എം.കെ കവലയിലെ വികസനവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫോര്‍മറുകളും തണല്‍ മരങ്ങളും മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍, നഗരത്തിലെ പ്രധാന കവലയായ ചേന്ദമംഗലം ജങ്ഷനിലെ വികസനം ഇപ്പോഴും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. നാലു വശത്തും സ്ഥിതി ചെയ്യുന്ന കെട്ടിട ഉടമകളും കച്ചവടക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വാശിയാണ് വികസനത്തിന് തടസ്സമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.