മത്സരയോട്ടം നടത്തിയ ബസ് കാനയുടെ സ്ളാബുകള്‍ തകര്‍ത്തു

ആലുവ: നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു. മരണവേഗത്തില്‍ തിരക്കേറിയ കവലയിലൂടെ പാഞ്ഞ സ്വകാര്യ ബസ് കാനയുടെ മുകളിലൂടെ കയറിയതിനെ തുടര്‍ന്ന് സ്ളാബുകള്‍ കാനയിലേക്ക്വീണു. ഇത് ചോദ്യംചെയ്ത വ്യാപാരിയോട് വെള്ളിയാഴ്ച ആലുവ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബുധനാഴ്ച രാത്രിയില്‍ ബാങ്ക് കവലയിലാണ് സംഭവം. മാര്‍ക്കറ്റ് റോഡ് ബാങ്ക് കവലയില്‍ സംഗമിക്കുന്ന ഭാഗത്തെ പൊന്നറ ജ്വല്ലറിയുടെ മുന്‍വശത്തെ കാനക്ക് മുകളിലൂടെയാണ് ബസ് ഓടിയത്. ഈ സമയം ബാങ്ക് കവലയില്‍ ചെറിയ ഗതാഗതക്കുരുക്കുണ്ടായിരുന്നു. കവലയില്‍ നിന്ന് വലത്തോട്ട് തിരിയേണ്ട പെരുമ്പാവൂര്‍ റൂട്ടിലോടുന്ന സോണിയ ബസ് മുമ്പില്‍ ഗതാഗത കുരുക്കില്‍ പെട്ട് കിടക്കുന്ന വാഹനങ്ങളെ മറികടക്കാന്‍ ഇടതുവശത്തുകൂടി പാഞ്ഞുവരുകയായിരുന്നു. കാനയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവര്‍ മന$പൂര്‍വം ഇതിലൂടെ മരണവേഗത്തില്‍ വാഹനമോടിക്കുകയായിരുന്നു. തിരക്കേറിയ സമയത്ത് നിരവധിയാളുകള്‍ കാനക്ക് സമീപമായി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെട്ടതിനാലാണ് അപകടം ഒഴിവായത്. ബസ് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് സ്ളാബുകള്‍ പലതും കാനയിലേക്ക് വീണു. ആളുകള്‍ കൂടിയതോടെ ബസ് ജീവനക്കാര്‍, ചില തൊഴിലാളികളെ കൊണ്ട് സ്ളാബുകള്‍ പൂര്‍വസ്ഥിതിയിലാക്കി നല്‍കി. ഇതോടെ, നാട്ടുകാര്‍ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ആലുവ സ്റ്റേഷനിലെ പൊലീസുകാര്‍ പൊന്നറ ജ്വല്ലറിയിലത്തെി, ഉടമയായ ആഷിഖ് ബസ് തടഞ്ഞതായി പരാതി നല്‍കിയിട്ടുണ്ടെന്നും വെള്ളിയാഴ്ച എസ്.ഐ മുമ്പാകെ ഹാജരാകണമെന്നും ആവശ്യപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ പ്രശ്നങ്ങള്‍ ട്രാഫിക് പൊലീസിനടക്കം ബോധ്യമുള്ളതാണ്. എന്നിട്ടും, ബസുടമകള്‍ക്കുവേണ്ടി വ്യാപാരിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വ്യാപാരി സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലും ദേശീയപാതയടക്കമുള്ള റോഡുകളിലും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകാരെ അധികൃതര്‍ നിലക്കുനിര്‍ത്താത്തതില്‍ ജനപ്രതിനിധികളടക്കമുള്ളവര്‍ പ്രതിഷേധിച്ചു. നഗരത്തിലും സമീപ റോഡുകളിലും ബസുകളുടെ മരണപാച്ചില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. സിറ്റി ബസുകള്‍ക്ക് പുറമെ പെരുമ്പാവൂര്‍, പുക്കാട്ടുപടി, കാലടി റൂട്ടുകളിലോടുന്ന ബസുകളാണ് മത്സരയോട്ടത്തില്‍ മുമ്പില്‍. മത്സരയോട്ടത്തില്‍ പ്രതിഷേധിക്കുന്ന യാത്രക്കാരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് . പ്രതിഷേധക്കാരെ നേരിടാന്‍ ഗുണ്ടാ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.