ജന്മനാടിനെ ഏറെ സ്നേഹിച്ച സംവിധായകന്‍

കോലഞ്ചേരി: ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്യുമ്പോഴും ജന്മനാടിനോടുള്ള സ്നേഹം തന്‍െറ സിനിമകളില്‍ കാണിച്ചാണ് ശശിശങ്കര്‍ വിടവാങ്ങുന്നത്. കോലഞ്ചേരിയും പരിസരപ്രദേശങ്ങളും നാട്ടിലെ പ്രമുഖരും അദ്ദേഹത്തിന്‍െറ പല ചിത്രങ്ങളിലും കടന്നുവന്നു. 2005ല്‍ ജയറാമിനെ നായകനാക്കി ശശിശങ്കര്‍ സംവിധാനം ചെയ്ത ‘സര്‍ക്കാര്‍ദാദ’ പൂര്‍ണമായും ചിത്രീകരിച്ചത് കോലഞ്ചേരിയിലും പരിസരങ്ങളിലുമായിരുന്നു. ഇതില്‍ ഇപ്പോഴത്തെ ജില്ലാ പഞ്ചായത്തംഗവും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറുമായ ജോര്‍ജ് ഇടപ്പരത്തി, പി.എം. പൈലി പിള്ള തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ദിലീപിന്‍െറ ശ്രദ്ധേയമായ ‘കുഞ്ഞിക്കൂനന്‍’, ജയറാം നായകനായ ‘മന്ത്രമോതിരം’ എന്നീ ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷന്‍ കോലഞ്ചേരിയായിരുന്നു. വിപുലമായ സൗഹൃദവലയത്തിന് ഉടമയായിരുന്ന ശശിശങ്കര്‍ പല സിനിമകളുടെയും അണിയറ പ്രവര്‍ത്തനങ്ങളില്‍ അവരെയും ഒപ്പം കൂട്ടി. കോലഞ്ചേരിക്കടുത്ത പാങ്കോട് കീരിക്കാട്ടില്‍ ചന്ദ്രന്‍ പിള്ള-കല്യാണി ദമ്പതികളുടെ മകനായിരുന്ന ഇദ്ദേഹം നന്നേ ചെറുപ്പത്തില്‍ സിനിമാമോഹവുമായി എത്തിപ്പെട്ടത് മലയാള സിനിമാരംഗത്തെ പ്രമുഖനായിരുന്ന പി.എ. ബക്കറിനൊപ്പമായിരുന്നു. അവിടെനിന്ന് സത്യന്‍ അന്തിക്കാടിനൊപ്പം മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. ഈ പരിചയസമ്പത്തുമായാണ് 1993ല്‍ ആദ്യ ചലച്ചിത്രമായ നാരായം സംവിധാനം ചെയ്തത്. ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘കുഞ്ഞിക്കൂന’ന്‍െറ തമിഴ് പതിപ്പായ ‘പേരഴകനി’ലൂടെ തമിഴ് സിനിമയിലും ഇദ്ദേഹം തന്‍െറ സാന്നിധ്യം അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.