ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍; പാലസ് അനക്സ് അടഞ്ഞുതന്നെ

ആലുവ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനം നടത്തിയ ആലുവ പാലസിന്‍െറ പുതിയ കെട്ടിടം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാതെ കെട്ടിടം ഉദ്ഘാടനം ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വിജയത്തിനുവേണ്ടിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കെട്ടിടത്തിന്‍െറ ഇന്നത്തെ അവസ്ഥ. ജനുവരി 16നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിര്‍മാണം ആരംഭിച്ച് 13 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ഉദ്ഘാടനം. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. ഓരോ ദിവസം കഴിയുന്തോറും പാലസ് കെട്ടിടത്തിലെ അസൗകര്യങ്ങള്‍ വര്‍ധിക്കുകയാണ്. അനക്സ് പ്രവര്‍ത്തന സജ്ജമായാലേ നിലവിലെ കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍, വിവിധ കാരണങ്ങളാല്‍ കെട്ടിടത്തിന്‍െറ പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ടവര്‍ക്ക് പെരിയാര്‍ നദിയില്‍ കുളിക്കാനും സമീപം താമസിക്കാനുംവേണ്ടി നിര്‍മിച്ചതാണ് കൊട്ടാരം. പിന്നീട് ഇത് സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. എന്നാല്‍, യഥാസമയം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. മൂന്ന് സ്യൂട്ടുകളുള്‍പ്പെടെ 16 മുറികളാണ് ഇവിടെയുള്ളത്. പല മുറികളും ശോച്യാവസ്ഥയിലാണ്. പുതിയ കെട്ടിടത്തില്‍ മൂന്ന് സ്യൂട്ടുകളുള്‍പ്പെടെ 18 മുറികളാണുള്ളത്. പഴയ കെട്ടിടത്തിലെ അസൗകര്യങ്ങളും മുറികളുടെ പരിമിതികളും മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പാലസിനോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുള്ള മുറികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടമായിരുന്നു ലക്ഷ്യം. ഇതിനുള്ള എസ്റ്റിമേറ്റില്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പലപ്പോഴും പണികള്‍ മുടങ്ങി. പണികള്‍ വൈകിയതോടെ പഴയ എസ്റ്റിമേറ്റില്‍ നിര്‍മാണം നടക്കാതെ വന്നു. നിര്‍മാണ ചിലവ് വര്‍ധിക്കുകയും ചെയ്തു. പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞാല്‍ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അനക്സ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നത് നിലവിലെ കെട്ടിടത്തിന്‍െറ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ടൂറിസം വികസന കോര്‍പറേഷന്‍െറ തിരുവനന്തപുരത്തെ ഓഫിസില്‍നിന്നും പ്രത്യേക അനുമതിയോടെ വരുന്നവര്‍ക്ക് മാത്രമാണ് പാലസില്‍ മുറി അനുവദിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, തുടങ്ങിയവര്‍ക്കായി നിശ്ചിത മുറികള്‍ മാറ്റിവെക്കാറുണ്ട്. ആലുവ വഴി കടന്നു പോകുമ്പോഴും സമീപ പ്രദേശങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വരുമ്പോഴും പല മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പ്രധാന ഇടത്താവളമാണ് പാലസ്. നഗര ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പെരിയാര്‍ തീരത്തെ ശാന്തമായ സ്ഥലം എന്നതാണ് പലരേയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ഇഷ്ട കേന്ദ്രമാണ് പാലസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പലപ്പോഴും ഇവിടെ തങ്ങാറുണ്ടായിരുന്നു. ഒരു കാലത്ത് സിനിമാചിത്രീകരണങ്ങള്‍ പലതും നടന്നിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം കേടുവരുത്തുന്നുവെന്ന പരാതിയത്തെുടര്‍ന്നാണ് ചിത്രീകരണത്തിന് വിട്ടുനല്‍കേണ്ടതില്ളെന്ന് പിന്നീട് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.