കൊച്ചി തുറമുഖത്ത് വെളിച്ചെണ്ണ കയറ്റുമതിക്ക് തുടക്കം

മട്ടാഞ്ചേരി: കൊച്ചി തുറമുഖം വഴിയുള്ള ആദ്യത്തെ വെളിച്ചെണ്ണ കയറ്റുമതിക്ക് തുടക്കമായി. കപ്പല്‍ ബുധനാഴ്ച മലേഷ്യയിലേക്ക് തിരിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള പാരിസണ്‍ ഫുഡ്സാണ് കയറ്റുമതിക്കാര്‍. കാലിക്കറ്റ് കാര്‍ഗോ കാരിയേഴ്സാണ് ക്ളിയറിങ് ഏജന്‍റ്. പ്രഥമ ഘട്ടത്തില്‍ 2000 ടണ്‍ വെളിച്ചെണ്ണയുമായാണ് മലേഷ്യയിലേക്ക് അറ്റ്ലാന്‍റിക് ബെര്‍ത്തിയ എന്ന കപ്പല്‍ തിരിച്ചത്. ബള്‍ക്ക് ഇനത്തില്‍ കയറ്റുമതി നടത്തുന്ന വെളിച്ചെണ്ണ പ്രത്യേക ടാങ്കര്‍ വഴിയാണ് തുറമുഖത്തത്തെിച്ചത്. കപ്പല്‍ ചൊവ്വാഴ്ച രാത്രി കൊച്ചി തുറമുഖത്തെ ബി.ടി.പി ബെര്‍ത്തില്‍ നങ്കൂരമിട്ടു. രാത്രി വെളിച്ചെണ്ണ കപ്പലിലേക്ക് കയറ്റിത്തുടങ്ങി. ബുധനാഴ്ച കപ്പല്‍ കൊച്ചിയില്‍നിന്ന് മലേഷ്യയിലേക്ക് തിരിച്ചപ്പോള്‍ തുറമുഖത്തിനിത് മറ്റൊരു ചരിത്രനേട്ടമായി മാറി. കൊച്ചി വഴിയുള്ള വെളിച്ചെണ്ണ കയറ്റുമതിയുടെ ട്രയലാണിത്. ഇത് വിജയകരമായാല്‍ കുടുതല്‍ എണ്ണ കയറ്റുമതിക്കാര്‍ മുന്നിട്ടിറങ്ങും. ഇതിലുടെ കേരോല്‍പന്ന കാര്‍ഷിക മേഖലക്ക് ഉണര്‍വേകുകയും ചെയ്യുമെന്ന് തുറമുഖത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വെളിച്ചെണ്ണ കൊച്ചി തുറമുഖം വഴി കയറ്റി അയക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേരോല്‍പന്ന വിപണി വിലയിടിവിനെ തുടര്‍ന്ന് 2013ല്‍ കൊച്ചി തുറമുഖം വഴിയുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ചിരുന്നു. ഇതേ ഘട്ടത്തില്‍ വെളിച്ചെണ്ണ കയറ്റുമതി ആവശ്യവുമുയര്‍ന്നിരുന്നു. മലേഷ്യക്ക് പുറമേ സിംഗപ്പുര്‍, അറേബ്യന്‍ നാടുകളിലേക്കും കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതിക്ക് ഇതോടെ സാധ്യത തെളിഞ്ഞു. വെളിച്ചെണ്ണ കയറ്റുമതി വാണിജ്യവിപണിയും കേരകര്‍ഷക സംഘടനകളും സ്വാഗതം ചെയ്തു. കേന്ദ്ര ഷിപ്പിങ്, വാണിജ്യ മന്ത്രാലയമടക്കമുള്ള വകുപ്പുതല സംയോജനമാണ് വെളിച്ചെണ്ണ കയറ്റുമതിയുടെ ഗതിവേഗത്തിന് കളമൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.