പള്ളി വക ഭൂമിയിലൂടെ സ്വകാര്യവ്യക്തിക്ക് വഴിവെട്ടാന്‍ ശ്രമം; സംഘര്‍ഷം

പള്ളുരുത്തി: പള്ളി വക ഭൂമിയിലുടെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് വാഹനം കയറ്റുന്നതിന് സൗകര്യം ഒരുക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെ പൊതുജനം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പള്ളുരുത്തി മധുര കമ്പനി റോഡിലെ സെന്‍റ് ജോസഫ് ദേവാലയത്തിന്‍െറ ഭൂമിയില്‍ സ്വകാര്യവ്യക്തിക്ക് വാഹന സൗകര്യമൊരുക്കാന്‍ കൊച്ചി നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥരെയാണ് പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് തടഞ്ഞത്. ഹൈകോടതി വിധി നടപ്പാക്കാനെന്ന പേരിലാണ് ഉദ്യോഗസ്ഥരത്തെിയത്. എന്നാല്‍, ഹൈകോടതി ഉത്തരവ് ജൂലൈ ഏഴിന് നഗരസഭ അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കിയതാണ്. മധുര കമ്പനി റോഡില്‍ നഗരസഭ കാനയുടെ മുകളില്‍ നിര്‍മിച്ച സ്ളാബുകള്‍ക്ക് ഇരുവശവും റാമ്പ് നിര്‍മിച്ചുനല്‍കണമെന്ന പ്രദേശവാസിയായ ടി.ആര്‍.ജോര്‍ജിന്‍െറ ഹരജി അനുവദിച്ചുള്ളതായിരുന്നു ഹൈകോടതി ഉത്തരവ്. ഹരജിക്കാരന്‍െറ വീട്ടിലേക്ക് വാഹന സൗകര്യം ഒരുക്കുന്നതിന് റാമ്പ് നിര്‍മിക്കണമെന്ന ഹൈകോടതി ഉത്തരവ് മറികടന്നാണ് പള്ളിയുടെ ഭൂമി കൈയേറി റാമ്പ് നിര്‍മിക്കാന്‍ നഗരസഭ അധികൃതര്‍ എത്തിയിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് ജനം എത്തിയത്. പള്ളി കോമ്പൗണ്ടിലേക്ക് പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥര്‍ കടന്നതോടെ പള്ളിയില്‍ കൂട്ടമണി മുഴങ്ങി. വിശ്വാസികള്‍ പ്രാര്‍ഥനിരതമായി അണിനിരന്നതോടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് തയാറായി. തുടര്‍ന്ന് പള്ളിമേടയില്‍ വികാരി ഡോ. റാഫി പരിയാത്തുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പള്ളിസ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹരജിക്കാരന്‍െറ വീടിന് മതില്‍ക്കെട്ടും റോഡിനോട് ചേര്‍ന്ന് ഗേറ്റും ഉള്ളതിനാല്‍ പള്ളിയുടെ ഭൂമി കൈയേറാന്‍ അനുവദിക്കേണ്ടതില്ളെന്ന് തീരുമാനിച്ചു. ഈ സാഹചര്യം ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ നഗരസഭ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് സമ്മതിച്ച് മടങ്ങി. ചര്‍ച്ചയില്‍ കൗണ്‍സിലര്‍ ടി.കെ. ഷംസുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്ല മട്ടാഞ്ചേരി, സാമൂഹിക പ്രവര്‍ത്തകരായ പി.എ.സുബൈര്‍, വാര്‍മയില്‍ മധു, നഗരസഭ അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ കെ.ജെ. ലിന്നസ്, ജോയ് ആലുപറമ്പില്‍, വിന്‍സന്‍ കോച്ചേരി, ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.