കളമശ്ശേരിയില്‍ മാലിന്യം കുമിയുന്നു; ഡെങ്കി പടരുന്നു

കളമശ്ശേരി: നഗരസഭയില്‍ മാലിന്യം കുമിയുന്നതിനെച്ചൊല്ലിയും ഡെങ്കി പടരുന്നതിനെച്ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുപോര് നടക്കുന്നതിനാല്‍ ഭരണസ്തംഭനമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രദ്ധിക്കുന്നില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. ഓരോ വാര്‍ഡിലും ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. നഗരസഭ ചെയര്‍പേഴ്സണിന്‍െറ അധ്യക്ഷതയില്‍ ഉച്ചക്ക് രണ്ടിന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്. നഗരസഭയിലെ മാലിന്യപ്രശ്നം ആദ്യം ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. 23 അജണ്ടകളുമായി തുടങ്ങിയ കൗണ്‍സിലില്‍ അവസാന ഇനമായാണ് മാലിന്യസംസ്കരണ പ്രശ്നം ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. അതോടെ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നായി അധ്യക്ഷ. ഇതിന്‍െറ വിശദീകരണം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നല്‍കുമെന്ന് അധ്യക്ഷ പറഞ്ഞു. തുടര്‍ന്ന് വിശദീകരണം നല്‍കിയ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നഗരസഭയുടെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള അടിസ്ഥാന സൗകര്യമില്ളെന്ന് ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചിട്ടില്ല. പ്ളാസ്റ്റിക് നീക്കത്തിന്‍െറ കരാര്‍ കാലവധി കഴിഞ്ഞ 30ന് അവസാനിച്ച വിവരം നഗരസഭ ചെയര്‍പേഴ്സണെ അറിയിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. അതോടെ ഭരണകക്ഷിയില്‍ ഐക്യമില്ളെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷ മറുപടി പറയണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഭരണപക്ഷത്തുനിന്ന് ഒരംഗം എഴുന്നേറ്റതോടെ അതിനെ തടഞ്ഞുകൊണ്ട് പ്രതിപക്ഷം ബഹളംവെച്ചു. തുടര്‍ന്ന് അധ്യക്ഷ ഇടപ്പെട്ട് മറുപടി സെക്രട്ടറിയോട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതോടെയാണ് മറുപടി പറയാന്‍പറ്റാത്ത ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബഹളം ശമിച്ചതോടെ പ്രശ്നപരിഹാരത്തിനായി ഈ വിഷയത്തില്‍ അടിയന്തര കൗണ്‍സില്‍ ചേരാമെന്ന ധാരണയില്‍ മറ്റ് അജണ്ടകള്‍ ചര്‍ച്ചക്കെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.