ഫിഫ അണ്ടര്‍ 17നായി കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചി കലൂര്‍ ജവര്‍ഹലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണം പുരോഗമിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ നവീകരണം പൂര്‍ത്തിയാകുമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, പരിശീലനത്തിനുള്ള നാല് മൈതാനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ടെന്‍ഡര്‍ നടപടി ആരംഭിക്കാത്തതാണ് നവീകരണ പ്രവര്‍ത്തനം നീളാന്‍ കാരണം. സ്റ്റേഡിയം നവീകരണം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച എത്തും. സ്റ്റേഡിയം നവീകരണത്തിന്‍െറ പകുതി ജോലികള്‍ പൂര്‍ത്തിയായെന്ന് കെ.എഫ്.എ ജനറല്‍ സെക്രട്ടറി ബി. അനില്‍കുമാര്‍ അറിയിച്ചു. സോണല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷിന്‍െറ മേല്‍നോട്ടത്തിലാണ് ജോലികള്‍ പൂര്‍ത്തിയാകുന്നത്. സ്വീവേജ്, ഇലക്ട്രിക്കല്‍, ഫയര്‍ ഫൈറ്റിങ് തുടങ്ങിയ ജോലികളാണ് ഏകദേശം പൂര്‍ത്തിയായത്. ജനറല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ക്രമീകരണത്തിന്‍െറ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. പുല്ല് വെച്ചുപിടിപ്പിക്കുന്ന ജോലി അടുത്ത ആഴ്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ എല്ലാ പ്രാക്ടീസ് മൈതാനങ്ങളുടെ നവീകരണവും പൂര്‍ത്തിയായേക്കും. ടെന്‍ഡര്‍ നടപടിയാണ് വൈകുന്നത്. ഫണ്ട് ഏകദേശം എല്ലാ ഗ്രൗണ്ടുകള്‍ക്കും ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജ് ഗ്രൗണ്ടിന് ഏകദേശം 2.5 കോടി, ഫോര്‍ട്ട്കൊച്ചി പരേഡ്, വെളി മൈതാനങ്ങള്‍ക്ക് അഞ്ചുകോടി എന്നിവയാണ് പ്രതീക്ഷിത ചെലവുകള്‍. ഐ.എസ്.എല്‍ സീസണ്‍ ഒക്ടോബറിലാണ് തുടക്കമാകുക. അതിനുമുമ്പ് എല്ലാ നവീകരണ ജോലികളും പൂര്‍ത്തിയാക്കി കേരളാ ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിന് നല്‍കേണ്ടതുണ്ട്. ഒക്ടോബര്‍ നാലിനായിരിക്കും കൊച്ചിയിലെ ആദ്യമത്സരമെന്ന് ബ്ളാസ്റ്റേഴ്സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡ്രസിങ് റൂം, സ്റ്റേഡിയത്തിലെ എട്ടോളം ടോയ്ലറ്റുകള്‍, 4500ഓളം ഇരിപ്പിടങ്ങള്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിക്കാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്. രണ്ടു മാസത്തിനിടെ ഇത്രയുമധികം ജോലികള്‍ ചെയ്തുതീര്‍ക്കുക എന്നത് വെല്ലുവിളിയാണ്. കേരളാ ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റുമായി മത്സര തീയതി മാറ്റുന്നത് സംബന്ധിച്ച് കേരള ഫുട്ബാള്‍ അസോസിയേഷന്‍ ബന്ധപ്പെട്ടിരുന്നു. നവീകരണത്തിനു ശേഷം ഗ്രൗണ്ട് പ്രാക്ടീസ് മത്സരങ്ങള്‍ കഴിഞ്ഞ് കൈമാറിയാല്‍ മതിയെന്നാണ് കെ.എഫ്.എ തീരുമാനം. എന്നാല്‍, ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റ് തയാറായില്ളെങ്കില്‍ ഗ്രൗണ്ട് വിട്ടുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.