ആലുവ: തെരുവുനായ്ക്കളെ ഭീതിയോടെയും വെറുപ്പോടെയുമാണ് ഏവരും ഇപ്പോള്‍ നോക്കിക്കാണുന്നത്. നിയമത്തെ ഭയക്കുന്നതുകൊണ്ടുമാത്രമാണ് ആരും നായ്ക്കളെ കൊല്ലാത്തത്. തെരുവുനായ്ക്കളെ വകവരുത്തണമെന്ന ആവശ്യവുമായി നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ സംഘടനകള്‍ വരെ രൂപവത്കരിക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഒരു തെരുവുനായ നിരവധി കുടുംബങ്ങളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. നഗരത്തിലെ ടാസ് റോഡ് പ്രദേശത്തെ കരുത്തുറ്റ കാവല്‍ക്കാരനായി മാറിയ ജിമ്മിയെന്ന നായയാണ് നാട്ടുകാര്‍ക്ക് പ്രിയങ്കരനായത്. റെയില്‍വേ സ്റ്റേഷന്‍െറ പുറകുവശത്തായാണ് ടാസ് ഹാള്‍ റോഡ്. ഈ പരിസരത്ത് രാത്രിയായാല്‍ മയക്കുമരുന്ന് വിതരണക്കാരും അനാശാസ്യസംഘങ്ങളും കേന്ദ്രീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ റോഡില്‍ കവര്‍ച്ചയും പതിവായിരുന്നു. പലരും വീടുകളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ ഭയന്നിരുന്നു. അതുകൊണ്ടാണ് ഇന്നത്തെപോലെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ പെരുകുന്നതിന് വളരെ വര്‍ഷം മുമ്പുതന്നെ ടാസ് റോഡില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ രൂപപ്പെട്ടത്. ഇതിന്‍െറ ഭാഗമായി രാമചന്ദ്രന്‍ എന്ന വാഴക്കുളം സ്വദേശിയെ റോഡ് കാവലിനായി നിയോഗിച്ചു. വൈകുന്നേരം ഏഴുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കാവല്‍. ഇതിനിടെ, ഈ റോഡിലൂടെ അലഞ്ഞുനടന്ന ജിമ്മിയെന്ന നായക്ക് രാമചന്ദ്രന്‍ ഒരു രാത്രി ഭക്ഷണം നല്‍കി. പിന്നീട് ഇതേ സമയം നോക്കി ഭക്ഷണത്തിനായി ജിമ്മി എത്താന്‍ തുടങ്ങി. റോഡിലൂടെ റോന്തുചുറ്റുമ്പോള്‍ പിന്നീട് പുലര്‍ച്ചെവരെ രാമചന്ദ്രനൊപ്പം സജീവമായുണ്ടാകും. ഇതറിഞ്ഞ നാട്ടുകാര്‍ക്കും ഇതോടെ ജിമ്മി പ്രിയപ്പെട്ടവനായി. തെരുവില്‍ അലഞ്ഞുനടന്ന ജിമ്മിക്ക് ഇപ്പോള്‍ രാത്രിയും പുലര്‍ച്ചെയും ഭക്ഷണം നല്‍കാന്‍ ടാസ് റോഡിലുള്ളവര്‍ മത്സരിക്കുകയാണ്. ഇറച്ചി, പാല്‍, ബിസ്കറ്റ് അങ്ങനെ പോകുന്നു ജിമ്മിക്കുവേണ്ടി കരുതിവെക്കുന്ന സാധനങ്ങളുടെ പട്ടിക. ഭക്ഷണം കഴിച്ച് നല്ല ആരോഗ്യവാനാവുകയും ചെയ്തു. ജിമ്മിയുടെ കുര കേട്ടാല്‍ അന്യരാരും അടുക്കില്ല. രാമചന്ദ്രന്‍ ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയാല്‍ ഉടന്‍ ജിമ്മിയും ഇവിടെനിന്ന് പൊയ്ക്കളയും. പിന്നീട് പഴയ പങ്കജം റോഡിലെ തിണ്ണയില്‍ ഉറങ്ങുകയാണ് പതിവ്. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമൊക്കെ കഴിക്കുമെങ്കിലും രാമചന്ദ്രനുമായി മാത്രമെ ഇവന്‍ കൂടുതല്‍ ചങ്ങാത്തത്തിന് നില്‍ക്കാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.