നഗരത്തില്‍ പ്ളാസ്റ്റിക് നിരോധിക്കാന്‍ ആലോചന

കൊച്ചി: നഗരത്തില്‍ പ്ളാസ്റ്റിക്കിന് നിരോധം ഏര്‍പ്പെടുത്താന്‍ നഗരസഭ ആലോചിക്കുന്നു. നിരോധമല്ലാതെ പ്ളാസ്റ്റിക്കിന്‍െറ ഭീഷണി നേരിടാന്‍ മറ്റു മാര്‍ഗമില്ളെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു. മരട് മുനിസിപ്പാലിറ്റിയില്‍ നിരോധം ഏര്‍പ്പെടുത്തിയതിന്‍െറ ചുവടുപിടിച്ചാണിത്. പ്ളാസ്റ്റിക് കാരിബാഗില്‍ മാലിന്യം നിറച്ച് അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇത് നിയന്ത്രിക്കാന്‍ പറ്റാതായി. ഈ സാഹചര്യത്തിലാണ് പ്ളാസ്റ്റിക് നിരോധത്തെക്കുറിച്ച് ആലോചിക്കുന്നത്. വ്യാഴാഴ്ച മേയറുടെ അധ്യക്ഷതയില്‍ നടന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തില്‍ നിരോധത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചനടന്നു. എന്നാല്‍, നിരോധം സംബന്ധിച്ച് നിയമതടസ്സങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മിനിമോള്‍ വ്യക്തമാക്കി. അക്കാര്യം പഠിച്ചശേഷം നിരോധം നടപ്പാക്കും. പ്ളാസ്റ്റിക് കാരിബാഗുകളുടെ വില്‍പനയും ഉപയോഗവും നിരോധത്തില്‍പെടും. അടുത്ത യോഗത്തില്‍ നിരോധം സംബന്ധിച്ച് വിഷയം ചര്‍ച്ചക്കുവെക്കുമെന്ന് അവര്‍ അറിയിച്ചു. അതേസമയം, രണ്ടുദിവസത്തെ ഇടവേളക്കുശേഷം നഗരത്തില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്തുതുടങ്ങി. ബുധനാഴ്ച 44 ലോഡ് പ്ളാസ്റ്റിക് മാലിന്യമാണ് ബ്രഹ്മപുരം പ്ളാന്‍റില്‍ എത്തിച്ചത്. ഇത് 80.575 ടണ്‍ വരുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു. ഭക്ഷ്യമാലിന്യം മാത്രം 170 ടണ്‍ ഉണ്ടായിരുന്നു. പഴയതുപോലെ ഇനിമുതല്‍ പ്ളാസ്റ്റിക് മാലിന്യം നീക്കംചെയ്യും. ബ്രഹ്മപുരം പ്ളാന്‍റിനടുത്ത റോഡ് പൊട്ടിപ്പൊളിയുകയും മഴയില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ മാലിന്യം നീക്കം ചെയ്യുന്ന ലോറികള്‍ക്ക് സുഗമമായി പോകാനായില്ല. അതുകൊണ്ട് അറ്റകുറ്റപ്പണിക്കായി രണ്ടുദിവസത്തേക്ക് പ്ളാസ്റ്റിക് മാലിന്യം എടുക്കേണ്ടെന്ന് കരുതി. അപ്പോഴേക്കും ചില കേന്ദ്രങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി. ഇത് ശരിയായ നടപടിയല്ല -അവര്‍ പറഞ്ഞു. പ്ളാസ്റ്റിക് മാലിന്യനീക്കം നിലച്ചത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തി. ബുധനാഴ്ച കലൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസ് ഇടതു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പ്ളാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചത്. ജൈവമാലിന്യവും പ്ളാസ്റ്റിക് മാലിന്യവും കൂട്ടിക്കലര്‍ത്തിയ നിലയിലാണെങ്കില്‍ അവ എടുക്കേണ്ടതില്ളെന്ന് മാലിന്യം നീക്കംചെയ്യുന്നവര്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കി. ബുധനാഴ്ച മേയര്‍ സൗമിനി ജയിനിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ളാസ്റ്റിക് കലര്‍ന്ന മാലിന്യം ബ്രഹ്മപുരം പ്ളാന്‍റില്‍ സംസ്കരിക്കാനാകുന്നില്ളെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നു. എല്ലാ വീടുകളിലും രണ്ടുതരം ബക്കറ്റ് കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. പ്ളാസ്റ്റിക് മാലിന്യം ഇടുന്നതിന് വെള്ളബക്കറ്റും ജൈവമാലിന്യം ഇടുന്നതിന് പച്ചയും. എന്നാല്‍, ജനങ്ങള്‍ മാലിന്യം വേര്‍തിരിച്ച് മാറ്റുന്നില്ല. ഇതാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ മാലിന്യം നീക്കം ചെയ്യുന്നവരുടെ യോഗം അതത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഡിവിഷന്‍ തലത്തില്‍ വിളിച്ചുകൂട്ടും. വേര്‍തിരിച്ച മാലിന്യം മാത്രം എടുത്താല്‍ മതിയെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കും. ഒരാഴ്ചക്കകം ഇത് നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.