ഗില്‍നെറ്റ് ബോട്ടുകളുടെ മത്സ്യബന്ധനം ആരംഭിച്ചിട്ട് അരനൂറ്റാണ്ട്

മട്ടാഞ്ചേരി: മത്സ്യബന്ധന മേഖലയില്‍ പുതിയ വിപ്ളവത്തിന് തുടക്കമിട്ട ഗില്‍നെറ്റ് ബോട്ടുകള്‍ക്ക് അരനൂറ്റാണ്ട്. 1965-66 കാലഘട്ടത്തിലാണ് അക്കാലത്തെ നൂതന മത്സ്യബന്ധന സമ്പ്രദായത്തിന് തുടക്കമിട്ട് കൊച്ചി കേന്ദ്രമാക്കി ഗില്‍നെറ്റ് ബോട്ടുകള്‍ കടലിലിറങ്ങിയത്. രാജ്യത്ത് ആദ്യമായി ഈ മത്സ്യബന്ധനരീതി പരീക്ഷിച്ചതും കൊച്ചിയിലായിരുന്നു. തോപ്പുംപടിയില്‍ ഫിഷറീസ് ഹാര്‍ബര്‍ വരും മുമ്പ് ഫോര്‍ട്ട് കൊച്ചിയിലെ അല്‍ബുക്കര്‍ ജെട്ടിയില്‍നിന്നായിരുന്നു ഗില്‍നെറ്റ് ബോട്ടുകള്‍ കടലിലേക്ക് പോയിരുന്നതും തിരിച്ചത്തെിയിരുന്നതും. വിദേശരാജ്യങ്ങള്‍ക്ക് പ്രിയമേറിയ കേര, ചൂര തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കയറ്റി അയച്ച് വിദേശനാണ്യം നേടിത്തരുന്നതില്‍ ഗില്‍നെറ്റ് ബോട്ടുകളുടെ പങ്ക് വലുതാണ്. അമ്പത് വര്‍ഷം പിന്നിടുമ്പോഴും ഇന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗില്‍നെറ്റ് ബോട്ടുകള്‍ കൊച്ചിയിലെ തോപ്പുംപടിയിലെ ഫിഷറീസ് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. അറുനൂറോളം ഗില്‍നെറ്റ് ബോട്ടാണ് ഇവിടെനിന്ന് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. അടുത്തിടെ ബ്രിട്ടനിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപുകള്‍ക്ക് സമീപം ബ്രിട്ടീഷ് നാവികര്‍ പിടികൂടി വിട്ടയച്ച ബോട്ടുകള്‍ കൊച്ചി കേന്ദ്രീകരിച്ച് പോയവയായിരുന്നു. മറ്റ് ഹാര്‍ബറുകളെ അപേക്ഷിച്ച് മത്സ്യത്തിന് ലഭിക്കുന്ന ഉയര്‍ന്ന വിലയാണ് തോപ്പുംപടി ഹാര്‍ബര്‍ കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതര സംസ്ഥാനക്കാരുടെ ബോട്ടുകളാണ് ബഹുഭൂരിപക്ഷവും ഇവിടം കേന്ദ്രീകരിക്കുന്നതെന്ന പ്രത്യേകതകൂടി തോപ്പുംപടി ഹാര്‍ബറിനുണ്ട്. 6000ഓളം തൊഴിലാളികള്‍ നേരിട്ടും 10000ഓളം പേര്‍ അനുബന്ധമായും കൊച്ചിയില്‍ ഗില്‍നെറ്റ് ബോട്ടുകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന് കൊച്ചിന്‍ ലോങ് ലൈന്‍ ബോട്ട് ആന്‍ഡ് ഗില്‍നെറ്റ് ബയിങ് ഏജന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. മജീദ് പറഞ്ഞു. ആദ്യകാലത്ത് 20 അടി നീളത്തിലുള്ള ബോട്ടുകളായിരുന്നെങ്കില്‍ ഇന്ന് 60 അടി നീളം വരെയുള്ള ബോട്ടാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇരുപത് ദിവസത്തോളം നീളുന്ന മത്സ്യ ബന്ധനം കഴിഞ്ഞാണ് കരയിലേക്ക് മടങ്ങുന്നതെന്നും മജീദ് പറഞ്ഞു. കൊച്ചി തുറമുഖത്തെയും മട്ടാഞ്ചേരി ബസാറിലെയും തൊഴില്‍ മേഖലകള്‍ അടഞ്ഞതോടെ പശ്ചിമകൊച്ചിക്കാരുടെ പ്രധാന ജീവിതമാര്‍ഗമായിരിക്കുകയാണ് തോപ്പുംപടിയിലെ ഫിഷറീസ് ഹാര്‍ബറെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എ.എം. നൗഷാദ് പറഞ്ഞു. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിനുമുന്നില്‍ പുതുതായി നിര്‍മിച്ച ഓഫിസ് ശനിയാഴ്ച രാവിലെ 10.30ന് കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്‍റ് എ.എം. നൗഷാദ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.