രാജമാണിക്യം പടിയിറങ്ങുന്നു

കൊച്ചി: ജനങ്ങളുടെ മാണിക്യമായി രണ്ടര വര്‍ഷം വികസന, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന എം.ജി. രാജമാണിക്യം ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ജനകീയ പ്രശ്നങ്ങള്‍ പരിഹരിച്ച് ജനമനസ്സില്‍ ഇടം നേടിയാണ് വിടവാങ്ങല്‍. ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട പ്രശ്നങ്ങളില്‍ തനതായ പരിഹാരങ്ങളും പദ്ധതികളും തന്‍േറതായ ശൈലിയില്‍ ആവിഷ്കരിച്ച് പുതിയ മാതൃകകള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ജില്ലയിലെ കുളങ്ങളും ചിറകളും പുനരുദ്ധരിക്കാനുള്ള ‘എന്‍െറ കുളം എറണാകുളം’, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പരിശീലനത്തിനുള്ള ‘മുത്തേ പൊന്നേ’, പഠന സഹായത്തിനുള്ള ‘പപ - പഠിക്കാം, പഠിപ്പിക്കാം’ പദ്ധതികള്‍ രാജമാണിക്യം ശൈലിക്ക് ഉദാഹരണങ്ങളാണ്. മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി, ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങിയ വമ്പന്‍ വികസന പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനൊപ്പം കുട്ടമ്പുഴയിലെ ആദിവാസികളുടെ പാര്‍പ്പിട പ്രശ്നങ്ങളിലും ഒരുപോലെ മനസ്സര്‍പ്പിച്ചാണ് കലക്ടര്‍ ജില്ലാ ഭരണകൂടത്തെ ചലിപ്പിച്ചത്. നാടിനെ ഞെട്ടിച്ച ജിഷ വധക്കേസില്‍ ആ കുടുംബത്തിന് സാന്ത്വനമേകാന്‍ ഓടിയത്തെിയ കലക്ടര്‍, ധനസഹായമത്തെിക്കാനായി പ്രത്യേക അക്കൗണ്ട് തുറന്നു. 45 ദിവസം കൊണ്ട് ജിഷയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് കൈമാറാനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും ബഹുദൂരം മുന്നോട്ടുപോയി. കലക്ടറേറ്റ് വളപ്പിലെ പരസ്യ ബോര്‍ഡുകള്‍ നീക്കിയ അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ കാമറ വലയത്തിലാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെി നില്‍ക്കെ 2014 ഫെബ്രുവരിയിലാണ് പി.ഐ. ഷെയ്ക്ക് പരീതില്‍നിന്ന് രാജമാണിക്യം കലക്ടര്‍ സ്ഥാനം ഏറ്റെടുത്തത്. പാളിച്ചകളും പിഴവുകളുമില്ലാതെ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിച്ച കലക്ടറെ തേടി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അഭിനന്ദനങ്ങളത്തെി. ഇതിന് പിന്നാലെ 2015ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനും ഈ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെന്ന നിലയില്‍ ചുക്കാന്‍ പിടിച്ചു. ഒരുപക്ഷെ ചുരുക്കം കലക്ടര്‍മാര്‍ക്ക് മാത്രം അവകാശപ്പെടാനാകുന്ന നേട്ടം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായാണ് പുതിയ നിയമനം. എക്സൈസ് അഡീഷനല്‍ കമീഷണറുടെ ചുമതലയും അദ്ദേഹം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.