ബിനാനിപുരം സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റുന്നു

ആലുവ: റൂറല്‍ ജില്ലയിലെ ബിനാനിപുരം സ്റ്റേഷനില്‍ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് ക്രമസമാധാനപാലനം ആശങ്കയിലാക്കുന്നു. എസ്.ഐ അടക്കം 34 പേര്‍ ആവശ്യമുള്ളിടത്ത് നിലവില്‍ 24 പേരാണുള്ളത്. സ്റ്റേഷനില്‍ ആകെയുള്ളത് രണ്ട് വനിതാ പൊലീസാണ്. ഒരു വനിതാ പൊലീസിന് സ്റ്റേഷന്‍ പരിധിയിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സ്ഥിരമായി കോടതിയില്‍ പോകേണ്ടിവരുന്നു. പൊലീസുകാരുടെ എണ്ണം കുറഞ്ഞത് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വര്‍ധിച്ചുവരുന്ന മോഷണങ്ങളും കഞ്ചാവ്, മയക്കുമരുന്ന് വ്യാപനവും കൃത്യസമയത്ത് എത്തി കൈകാര്യം ചെയ്യാന്‍ സാധിക്കാതെവരുന്നുണ്ട്. അത്യാവശ്യ സമയത്ത് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ പൊലീസ് എത്താന്‍ ഏറെ സമയമെടുക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സംസ്ഥാനത്തെതന്നെ വലിയ വ്യവസായ മേഖലകളിലൊന്ന് ഈ സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടെ നിരവധി പ്രമുഖവും വലുതുമായ വ്യവസായ ശാലകളുമുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിത്യേന പല പ്രശനങ്ങളിലും പൊലീസിന് ഇടപെടേണ്ടിവരാറുണ്ട്. ഇതര സംസ്ഥാനക്കാരായ നൂറുകണക്കിന് തൊഴിലാളികളാണ് ഈ ഭാഗത്തുള്ളത്. അവരെ നിരീക്ഷിക്കലടക്കമുള്ള കാര്യങ്ങളും ഭാരിച്ച ചുമതലയായി വരുന്നു. ഇവരുടെ ലേബര്‍ ക്യാമ്പുകള്‍ പലപ്പോഴും ലഹരിവസ്തുക്കളുടെ വില്‍പന കേന്ദ്രങ്ങളായി മാറാറുണ്ട്. പലപ്പോഴും ലേബര്‍ ക്യാമ്പുകളില്‍നിന്ന് കഞ്ചാവടക്കമുള്ള വസ്തുക്കള്‍ പിടികൂടിയിട്ടുമുണ്ട്. അധികാരികള്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.