സമരങ്ങള്‍ക്കൊടുവില്‍ ഡയാലിസിസ് കേന്ദ്രത്തില്‍ ജനറേറ്ററത്തെി

മട്ടാഞ്ചേരി: ഒട്ടേറെ സമരങ്ങള്‍ക്കൊടുവില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തില്‍ ജനറേറ്ററത്തെി. എട്ടു മാസം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും വിധത്തിലുള്ള ആധുനിക ഡയാലിസിസ് ഉപകരണങ്ങള്‍, കുടിവെള്ള ശുചീകരണത്തിന് ഫോര്‍ സ്റ്റേജ് ഫില്‍റ്റര്‍ സംവിധാനം സജ്ജീകരിച്ചിരുന്നു. എന്നാല്‍, പുതുതായി പണിത കെട്ടിടത്തില്‍ അഴുക്കുവെള്ളം പോകാനുള്ള ഡ്രെയിനേജ്, ജനറേറ്റര്‍ എന്നിവ ഒരുക്കിയിരുന്നില്ല. അതോടൊപ്പം ഡയാലിസിസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരെയും നിയമിച്ചിരുന്നില്ല. ഇതോടെ, ഉദ്ഘാടനം ചെയ്ത ദിവസംതന്നെ കേന്ദ്രത്തിന് താഴും വീണു. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം മുന്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടന സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാരായ രോഗികള്‍ക്ക് കേന്ദ്രം ആശ്വാസകരമായിരിക്കുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിന് രോഗികള്‍ ഡയാലിസിസിനായി അപേക്ഷ നല്‍കി കാത്തിരുന്നിട്ടും കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ മുന്‍കൈയെടുത്തില്ല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഡയാലിസിസ് കേന്ദ്രം തുറക്കാതായതോടെ സംഘടനകള്‍ ആശുപത്രിക്ക് മുന്നില്‍ സമരങ്ങള്‍ ആരംഭിച്ചു. ഇതോടെയാണ് ആദ്യഘട്ടത്തില്‍ സാങ്കേതിക വിദഗ്ധരും തുടര്‍ന്ന് ജനറേറ്ററും എത്തിയത്. ജനറേറ്ററിന്‍െറ സ്വിച് ഓണ്‍ കര്‍മം ഡിവിഷന്‍ കൗണ്‍സിലര്‍ സീനത്ത് റഷീദ് നിര്‍വഹിച്ചു. സൂപ്രണ്ട് ഇന്‍ചാര്‍ജ് എസ്.ആര്‍.രജീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് എ.ജെ. ഡാളി, നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ പി.എ.സ്റ്റാന്‍ലി സംസാരിച്ചു. ഡ്രെയിനേജിന്‍െറ നിര്‍മാണജോലികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.