തര്‍പ്പണം നടത്താന്‍ ആയിരങ്ങള്‍; ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

തൃപ്പൂണിത്തുറ: പിതൃസ്മരണകളില്‍ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ കര്‍ക്കടകവാവ് ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍ ജനത്തിരക്കായിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ ആരംഭിച്ച ബലിയിടലിന് സ്ത്രീകളും പുരുഷന്മാരുമടക്കം ആയിരങ്ങളാണ് ഇടമുറിയാതെ എത്തിയത്. കര്‍ക്കടകത്തിലെ അമാവാസി നാളില്‍ ഹൈന്ദവ കുടുംബങ്ങളിലും മരിച്ചുപോയ പൂര്‍വികര്‍ക്ക് എള്ളും പൂവും ചന്ദനവും ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ട് പുരോഹിതന്‍െറ നേതൃത്വത്തില്‍ ക്രിയ നടത്തി തീര്‍ഥക്കുളങ്ങളിലോ പുണ്യനദികളിലോ സമര്‍പ്പിച്ച ശേഷം മുങ്ങിക്കുളിച്ച് ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതാണ് ചടങ്ങ്. കൊച്ചി ദേവസ്വം ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം എന്നിവയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ബലിത്തറകളില്‍ ഒറ്റക്കും കൂട്ടായും എത്തിയ ഭക്തര്‍ പുരോഹിതര്‍ക്ക് ദക്ഷിണയും വഴിപാടുകളും നടത്തിയാണ് തിരികെ പോയത്. പാഴൂര്‍ ദേവക്ഷേത്രത്തിലും നെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലും പിതൃതര്‍പ്പണം നടന്നു. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തില്‍ തന്ത്രിമുഖ്യന്‍ നേതൃത്വം നല്‍കി. എരൂര്‍ പോട്ടയില്‍ ക്ഷേത്രം, തെക്കുംഭാഗം കുമാരമംഗലം, ചോറ്റാനിക്കര കുഴിയേറ്റ് മഹാദേവക്ഷേത്രം, ഏകാദശി പെരുംതൃക്കോവില്‍, തെക്കന്‍ പറവൂര്‍ മഹാദേവ ക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം, എരൂര്‍ പിഷാരികോവില്‍, ഇരുമ്പനം മകളിയം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു. പനങ്ങാട്: പനങ്ങാട് സന്മാര്‍ഗസന്ദര്‍ശിനി സഭവക ശ്രീവല്ലീശ്വരക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ മഴയും വെയിലും കൊള്ളാതെ ബലിയിടാന്‍ നേരത്തേതന്നെ ബലിപ്പുര നിര്‍മിച്ചുകൊണ്ടായിരുന്നു ഇക്കുറി പിതൃതര്‍പ്പണങ്ങള്‍ നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി ശാന്തന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സഭാ പ്രസിഡന്‍റ് പി.കെ. വേണു, വൈസ് പ്രസിഡന്‍റ് വി.കെ. ചെല്ലപ്പന്‍, ട്രഷറര്‍ വി.പി. പങ്കജാക്ഷന്‍, സെക്രട്ടറി കെ.കെ. മണിയപ്പന്‍, ജോ. സെക്രട്ടറി സനീഷ്, എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകരായ സനീഷ്, ധനേഷ്, ഗിരീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.