കൊതുക് പെരുകുന്നു; ഡെങ്കിപ്പനി പേടിച്ച് വിദേശികളും സ്ഥലം വിടുന്നു

മട്ടാഞ്ചേരി: കൊതുകുനശീകരണ മരുന്നുകള്‍ തളിക്കാതെയും കാനകള്‍ വൃത്തിയാക്കാതെയും ചപ്പുചവറുകള്‍ കൂടിക്കിടന്ന് രൂക്ഷമായ കൊതുകുശല്യം ടുറിസം മേഖലക്ക് തിരിച്ചടിയാകുന്നതായി ടുറിസം പ്രൊമോട്ടേഴ്സ് അസോസിയേഷന്‍. ഫോര്‍ട്ട്കൊച്ചിയില്‍ താമസിക്കുന്ന സഞ്ചാരികള്‍ നാലും അഞ്ചും ദിവസത്തേക്ക് റൂമുകള്‍ ബുക് ചെയ്യുന്നുണ്ടെങ്കിലും ഒരുദിവസം കൊണ്ടുതന്നെ താമസം മതിയാക്കി സഞ്ചാരികള്‍ ഫോര്‍ട്ട്കൊച്ചി വിടുകയാണ്. ഇവിടെ താമസിക്കുന്നവരും കൊതുകുശല്യം കൊണ്ട് ദുരിതത്തിലാണ്. ഫോര്‍ട്ട്കൊച്ചി ബീച്ചിലും പരിസരത്തും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. സ്ഥലം കൗണ്‍സിലര്‍ ഡിവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ടൂറിസം പ്രൊമോട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റണി കുരീത്തറ പറഞ്ഞു. ഫോര്‍ട്ട്കൊച്ചി മേഖലയിലെ പ്രധാനപ്പെട്ട അഴുക്കുചാലുകളും ശുചീകരിച്ചിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞുവീണ തണല്‍മരങ്ങള്‍ വഴിയോരത്തുതന്നെ കിടക്കുകയാണ്. ഇത് വെട്ടിമാറ്റുന്നതിന് നടപടിക്രമങ്ങളൊന്നും ആയിട്ടില്ല. കൊതുകുശല്യം വര്‍ധിച്ചതിനാല്‍ ഫോര്‍ട്ട്കൊച്ചിപോലുള്ള ടൂറിസം മേഖലയില്‍ ഡെങ്കിപ്പനി, ടൈഫോയിഡ്, മലമ്പനി തുടങ്ങി മാറാരോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി ടൂറിസം മേഖലയില്‍ ഇടപെട്ട് അടിയന്തരപരിഹാരം കാണണമെന്ന് ടൂറിസം പ്രൊമോട്ടേഴ്സ് അസോസിയേഷന്‍ യോഗം മേയര്‍ സൗമിനി ജയിനിനോടും ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിനിമോളോടും ആവശ്യപ്പെട്ടു. ആന്‍റണി കുരീത്തറ അധ്യക്ഷത വഹിച്ചു. ഡെര്‍സണ്‍ ആന്‍റണി, പയസ് മാനുവല്‍, സുരേഷ് നായര്‍, ക്രിസ്റ്റഫര്‍ സാമുവല്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.