പള്ളിവക സ്ഥലത്ത് കൊടിമരം സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമം; സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

പറവൂര്‍: ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യന്‍ ലത്തീന്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി ബി.ജെ.പിയുടെ കൊടിമരം സ്ഥാപിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകനും പരിക്കേറ്റു. ഗോതുരുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മേമന വീട്ടില്‍ എം.എക്സ്. മാത്യു (48), ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയംഗം അജീഷ് (30) എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോതുരുത്ത് തുണ്ടിയില്‍ ജോയല്‍ (49) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സി.പി.എം പ്രവര്‍ത്തകരെ മടപ്ളാതുരുത്ത് സ്വകാര്യ ആശുപത്രിയിലും ജോയലിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോതുരുത്ത് പള്ളിക്കവലയിലത്തെി കൊടിമരം സ്ഥാപിച്ചത്. പള്ളിവക സ്ഥലത്ത് കൊടിമരം സ്ഥാപിക്കുന്ന വിവരം അറിഞ്ഞ് പള്ളി വികാരി ഫാ. ടോം രാജേഷ് പള്ളിയില്‍ സ്ഥലത്തത്തെി സ്ഥാപിക്കരുതെന്ന് ബി.ജെ.പിക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് വകവെക്കാതെ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ സ്ഥലത്ത് ഉണ്ടായിരുന്ന എല്‍.ഡി.എഫ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വരുകയും കൊടിമരം പിഴുതെടുത്ത് മാറ്റുകയും ചെയ്തു. കൊടിമരം പിഴുതെറിഞ്ഞതോടെ ബി.ജെ.പിക്കാരും എല്‍.ഡി.എഫുകാരും തമ്മില്‍ സംഘര്‍ഷമായി. 25 ഓളം വരുന്ന ബി.ജെ.പിക്കാരാണ് കൊടിമരം സ്ഥാപിക്കാന്‍ എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചക്ക് 12 വരെ ഗോതുരുത്ത് മേഖലയില്‍ ഹര്‍ത്താല്‍ നടത്തും. ഇടത് യുവജന മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ടി.ഡി. ഷിജു, ശ്രീജിത്ത്, ഡിവിന്‍ ദിനകരന്‍, കെ.എസ്. സതീഷ്, ടി.ഡി. സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേതാക്കളായ വി.എസ്. ബാബു, കെ.സി. രാജീവ്, എ.എം. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. പള്ളി സ്ഥലം കൈയേറി കൊടിമരം സ്ഥാപിച്ചതിനെതിരെ വികാരി ഫാ. ടോം രാജേഷ് പള്ളിയില്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.