പൊലീസ് സേവനം ലഭിക്കുന്നില്ല: ആലുവ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ നോക്കുകുത്തി

ആലുവ: റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ നോക്കുകുത്തിയാകുന്നു. ഇവിടെ പൊലീസ് സേവനം പലപ്പോഴും ലഭിക്കുന്നില്ല. കൗണ്ടര്‍ നോക്കുകുത്തിയായതോടെ ഓട്ടോറിക്ഷക്കാരുടെ നിയമലംഘനങ്ങളും യാത്രക്കാരുടെ ദുരിതവും വീണ്ടും ആരംഭിച്ചു. ഓട്ടോക്കാരില്‍ ഏറെയും യാത്രക്കാരെ പിഴിഞ്ഞിരുന്ന സ്ഥലമാണ് റെയില്‍വേ സ്ക്വയര്‍. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ പ്രധാന ഇരകള്‍. രാത്രികാലങ്ങളില്‍ കൂടിയ കൂലിയാണ് ഇവരില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിന് പുറമേ ചില ഡ്രൈവര്‍മാരുടെ ആധിപത്യവും ഇവിടെയുണ്ടായിരുന്നു. യൂനിയന്‍ നേതാക്കളാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. നിയമലംഘനം നടത്തിയിരുന്നവരെ ഇത്തരം നേതാക്കള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുകയായിരുന്നു. ചെറുകിട യൂനിയനില്‍ പെട്ടവരെ ഇവിടെ സര്‍വിസ് നടത്താന്‍ സമ്മതിച്ചിരുന്നില്ല. ഇത്തരം ആക്ഷേപങ്ങളും പരാതികളും വര്‍ധിച്ചതോടെയാണ് പ്രീപെയ്ഡ് സംവിധാനം ആരംഭിച്ചത്. ഇത് യാത്രക്കാര്‍ക്ക് അനുഗ്രഹമാകുകയായിരുന്നു. യാത്രാനിരക്കടങ്ങിയ സ്ളിപ് പ്രീപെയ്ഡ് കൗണ്ടറില്‍ ആദ്യമേ തന്നെ ലഭിക്കുന്നതിനാല്‍ ഓട്ടോക്കാര്‍ക്ക് യാത്രക്കാരെ പിഴിയാന്‍ കഴിയാതെയായി. മാത്രമല്ല റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് യാത്രാ സുരക്ഷിതവും ഉറപ്പാക്കപ്പെട്ടിരുന്നു. യാത്രക്കാര്‍ക്ക് പ്രീപെയ്ഡുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രീപെയ്ഡ് കൗണ്ടറിലെ പൊലീസുകാരനോട് വെളിപ്പെടുത്താനും സൗകര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ പ്രവര്‍ത്തനം പിന്നീട് താളം തെറ്റുകയായിരുന്നു. ആദ്യം ചില സമയങ്ങളില്‍ പൊലീസ് ഉണ്ടായിരുന്നില്ളെങ്കില്‍ പിന്നീട് കൂടുതല്‍ സമയം ആളില്ലാത്ത അവസ്ഥയായി. ഇതോടെ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.