പാര്‍സലായും കഞ്ചാവ്; വിവിധ സ്ഥാപനങ്ങളില്‍ പരിശോധന

നെടുമ്പാശ്ശേരി: ആലുവയിലേക്ക് പാര്‍സലായും കഞ്ചാവ് വന്‍തോതില്‍ എത്തുന്നു. വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം ആലുവയിലെ വിവിധ പാര്‍സല്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഒന്നര വര്‍ഷത്തിനിടയില്‍ കഞ്ചാവ് ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഏതെങ്കിലും സ്ഥാപനങ്ങളുമായി ഇടപാടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവയില്‍ 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായ കേസിന്‍െറ തുടരന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. ഈ കേസിലെ മുഖ്യപ്രതി മട്ടാഞ്ചേരി സ്വദേശി ഷഫഹാന്‍ ഹനീഫ് സേട്ടിനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുകയാണ്. ആലുവയില്‍ എട്ടര കിലോ കഞ്ചാവുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പ് പിടിയിലായ ഷഫഹാന്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും കഞ്ചാവ് കേസില്‍ സജീവമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ആ കേസില്‍ ഇയാള്‍ക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പ്രത്യേക ഹരജിയും നല്‍കും. സ്വന്തമായി ടോറസ് ലോറിയുള്ള ഇയാള്‍ക്ക് ആന്ധ്രയിലെ കഞ്ചാവ് കൃഷി നടത്തിപ്പുകാരുമായി ബന്ധമുണ്ട്. വര്‍ഷങ്ങളായി ഇയാള്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിവരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പോത്തുകളെ കൊണ്ടുവന്നത് മറയാക്കിയും കഞ്ചാവ് കടത്തിയെന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ ആന്ധ്രയിലാണ് ഒളിവിലാണെന്നാണ് സൂചന. ഇയാളെ പിടികൂടിയാല്‍ സംസ്ഥാനത്ത് കഞ്ചാവ് വില്‍പനയില്‍ സജീവമായുള്ള നിരവധി കണ്ണികളെ കണ്ടത്തൊന്‍ കഴിയുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഒരു കിലോയില്‍ കുറഞ്ഞ കഞ്ചാവുമായി പിടിയിലാകുന്ന കേസുകളിലും ഇപ്പോള്‍ കോടതി പിഴക്കു പുറമേ തടവ് ശിക്ഷയും വിധിക്കുന്നുണ്ട്. ഒന്നിലേറെ തവണ ചെറിയ തോതിലാണെങ്കിലും കഞ്ചാവ് കേസില്‍ പിടിയിലാകുന്നവരുടെ പഴയ കേസുകളെ സംബന്ധിക്കുന്ന വിവരങ്ങളും ഇപ്പോള്‍ കോടതിക്ക് എക്സൈസ് നല്‍കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പിഴ ശിക്ഷക്കു പുറമേ തടവ് ശിക്ഷയും വിധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.