ഷിഫ്നയുടെ അപൂര്‍വ രോഗത്തിന് ആയുര്‍വേദ ചികിത്സയില്‍ ശമനം

കൊച്ചി: കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവ മിമിക്രി വേദിയില്‍ തിരുവനന്തപുരം പോത്തന്‍കാട്ടെ ഷിഫ്ന മറിയം എന്ന അന്ധവിദ്യാര്‍ഥിയായിരുന്നു താരം. ഏവരെയും ചിരിപ്പിച്ച് അവള്‍ മനംകവര്‍ന്നു. പക്ഷേ, മൂത്രമൊഴിക്കാനാവാതെ അനുഭവിച്ചിരുന്ന വേദനകള്‍ മറന്നായിരുന്നു ഈ 14 കാരിയുടെ പ്രകടനം. കഴിഞ്ഞ ഒരുവര്‍ഷമായി തന്നെ അലട്ടിയ അറ്റോണിക് ബ്ളാഡര്‍ ഫൗളെ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തിന് ആയുര്‍വേദ ചികിത്സയില്‍ ശമനം ലഭിച്ച ഷിഫ്ന ഇപ്പോള്‍ ചിരിക്കുന്നു. വേദനകള്‍ അലട്ടാത്തതിന്‍െറ ആശ്വാസവുമായി. മൂത്രം ഒഴിക്കാന്‍ കഴിയുന്നില്ല എന്നതിന് പുറമെ വിടാതെ തുടര്‍ന്ന ഛര്‍ദിയും ഈ കലാകാരിയെ അസ്വസ്ഥപ്പെടുത്തി. ട്യൂബിട്ടായിരുന്നു മൂത്രം എടുത്തിരുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ജീവനക്കാരിയായ മാതാവ് ഷാഹിന മകളെ ചികിത്സക്കായി കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല. യാദൃച്ഛികമായാണ് തിരുവനന്തപുരത്ത് ഡോ. വാസുദേവന്‍ നമ്പൂതിരിയെ കാണാനിടയായത്. അത് വഴിത്തിരിവായി. ഡോക്ടറുടെ നിര്‍ദേശപ്രകാരം എറണാകുളം കുന്നുംപുറത്തെ പുനര്‍നവ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ഒരുമാസത്തിനിടെ ട്യൂബിടാതെ തന്നെ സാധാരണ പോലെ മൂത്രം ഒഴിക്കാന്‍ സാധിക്കുന്നതിന്‍െറ ആശ്വാസത്തിലാണ് ഈ കുട്ടി. ആശുപത്രി കിടക്കയില്‍നിന്ന് തന്‍െറ ആശ്വാസ വാര്‍ത്ത അറിയിക്കാന്‍ മാതാവിനൊപ്പം ഷിഫ്ന എറണാകുളം പ്രസ്ക്ളബിലത്തെി. ആയിരത്തിലൊരാള്‍ക്ക് പിടികൂടുന്ന രോഗത്തിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ടെന്നത് ജനങ്ങളെ അറിയിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് മാതാവ് ഷാഹിന പറഞ്ഞു. ഡോ. വാസുദേവന്‍ നമ്പൂതിരിക്ക് പുറമെ ഡോക്ടര്‍മാരായ അന്‍വര്‍, ജസീല എന്നിവരുടെ നേതൃത്വത്തില്‍ ഒരുമാസം കൂടി ചികിത്സ തുടരണമെന്ന് ഷാഹിന പറഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ തനിക്ക് കാഴ്ച തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഷിഫ്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.