പോക്സോ: അറസ്റ്റിലായ ആദിവാസി യുവാക്കളെ വിട്ടയക്കണം –ഗോത്ര മഹാസഭ

കൊച്ചി: പോക്സോ നിയമത്തിന്‍െറ പേരില്‍ ജയിലിലടച്ച ആദിവാസി യുവാക്കളെ മോചിപ്പിക്കുക, ആദിവാസി - ദലിത് വിഭാഗങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 19ന് ഉച്ചക്ക് മൂന്നിന് ഹൈകോടതിക്ക് മുന്നില്‍ പൗരാവകാശ സഭ സംഘടിപ്പിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ ആദിവാസി - ദലിത് - പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാനുള്ള നിയമമായ പോക്സോയുടെ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്) പേരില്‍ 16 ആദിവാസി യുവാക്കള്‍ ജയിലിലാണ്. 20 പേര്‍ക്കെതിരെ കേസുമുണ്ട്. ഇവര്‍ വിവാഹം ചെയ്ത പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ ബലാത്സംഗ കുറ്റവും പോക്സോ നിയമത്തിലെ കുറ്റങ്ങളും ചാര്‍ത്തിയാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതും ശിക്ഷിച്ചതും. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ വിഭാഗീയമായ അന്വേഷണ രീതിയും വിചാരണയുമാണ് ഈ യുവാക്കള്‍ക്കെതിരെ നടക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആയിരത്തിലേറെ അവിവാഹിത അമ്മമാരുടെ കേസുകള്‍ വയനാട്ടിലുണ്ടെങ്കിലും ഒന്നില്‍ പോലും പ്രതികളായ പുരുഷന്മാര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചാര്‍ത്തിയിട്ടില്ല. വയനാട്ടില്‍ ഏതാനും മാസം മുമ്പ് നടന്ന കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പോലും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നിരിക്കെയാണ് ഈ യുവാക്കളെ ശിക്ഷിച്ചതും കേസെടുത്തതും. ആദിവാസി - ദലിത് വിഭാഗങ്ങളുടെ പൗരാവകാശം സംരക്ഷിക്കപ്പെടാന്‍ ഭരണതല പരിഷ്കരണ നടപടികള്‍ ആവശ്യമാണ്. ഈ ആവശ്യത്തിന് വിപുലമായ പൗരാവകാശ കൂട്ടായ്മക്ക് രൂപം നല്‍കാന്‍ ദേശീയതലത്തില്‍ ആലോചന ജൂലൈയില്‍ സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. മജീന്ദ്രനും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.