നഗരത്തില്‍ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ ഷാഡോ പൊലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയിലായി. വാത്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ അജ്മല്‍ (21), മരട് നെട്ടൂര്‍ പള്ളിക്ക് സമീപം കോട്ടവളപ്പില്‍ ത്വാരിഖ് (19), മരട് വില്ളേജില്‍ നെട്ടൂര്‍ കണ്ണോത്ത് വീട്ടില്‍ നെബീല്‍ (19) എന്നിവരെയാണ് ഷാഡോ എസ്.ഐ വി. ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തിലെ വിവിധ ലോഡ്ജുകള്‍, വിവിധ മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അജ്മലില്‍നിന്ന് നാലു കിലോ കഞ്ചാവും ത്വാരിഖ്, നെബീല്‍ എന്നിവരില്‍നിന്ന് മാരകമായ മയക്കുമരുന്ന് ഇനത്തില്‍പെട്ട നൈട്രോ സെപ്പാം ഗുളികകളും പൊലീസ് പിടിച്ചെടുത്തു. കടുത്ത മനോരോഗികള്‍ക്കും വിഷാദരോഗികള്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം നല്‍കുന്ന മരുന്നുകളാണിവ. നൈട്രോ സെപ്പാം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ വില്‍ക്കുന്നതും കൈവശം വെക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. അജ്മലിനെ ഇടുക്കിയില്‍നിന്നും ത്വാരിഖിനെ എറണാകുളം നഗരത്തിലേക്ക് കഞ്ചാവ് കടത്തുന്ന വഴി കളമശ്ശേരിയില്‍ വെച്ചും നെബീലിനെയും വൈറ്റില മൊബിലിറ്റി ഹബില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കും, കോളയിലും മറ്റ് ലഹരി പാനീയങ്ങളിലും കലര്‍ത്തി കുടിക്കുന്നതിനുമാണ് ഗുളികകള്‍ കോയമ്പത്തൂരില്‍നിന്ന് കൊണ്ടുവന്നതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. കഞ്ചാവുമായി പിടിയിലായ അജ്മല്‍ ഇതിന് മുമ്പും പലപ്രാവശ്യം ഒഡിഷയില്‍നിന്ന് കഞ്ചാവ് കടത്തിയതായും കഞ്ചാവ് വാറ്റി ഓയിലാക്കി ഗോവയിലേക്ക് കടത്തിയതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗോവയിലെ പബുകളിലും റെസ്റ്റാറന്‍റുകളിലും എത്തിക്കുന്നതിനാണ് ഓയില്‍ കടത്തിയത്. ഇയാള്‍ക്കെതിരെ ഒമ്പത് മയക്കുമരുന്ന് കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ അജ്മല്‍. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് മയക്കുമരുന്ന് കടത്ത് സംഘത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസ് എടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരൂള്‍ ആര്‍.ബി. കൃഷ്ണ, സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ജി. ബാബു കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. സി.പി.ഒമാരായ രഞ്ജിത്ത്, ആന്‍റണി, വിശാല്‍, യൂസഫ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.