വില്‍പന നികുതി വകുപ്പിന്‍െറ പുതിയ നയം:ബോട്ട് നിര്‍മാണ മേഖല പ്രതിസന്ധിയില്‍

പറവൂര്‍: നിര്‍മിക്കുന്ന ഓരോ ബോട്ടിനും ചെലവ് കണക്കാക്കി നികുതി അടക്കണമെന്ന വില്‍പന നികുതി വകുപ്പിന്‍െറ പുതിയ തീരുമാനം ബോട്ട് നിര്‍മാണ മേഖലയില്‍ തിരിച്ചടിയാകുന്നു. വില്‍പന നികുതി വകുപ്പിലെ വിജിലന്‍സ് വിഭാഗമാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഏറ്റവും അധികം ബോട്ട് നിര്‍മാണ യൂനിറ്റുകളുള്ള പറവൂര്‍ കുഞ്ഞിത്തൈ മേഖലയില്‍ തൊഴിലാളികള്‍ സമരവുമായി രംഗത്തത്തെിയിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ ഇത്തരം നിര്‍മാണ യൂനിറ്റുകള്‍ക്ക് നികുതി അടക്കേണ്ടതില്ലാത്തതിനാല്‍ ബോട്ട് യാര്‍ഡുകള്‍ അങ്ങോട്ടക്കേ് മാറ്റുന്ന ആലോചനയിലാണ് ചില ഉടമകള്‍. നികുതി അടച്ചാണ് നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നത്. ഇത് കൂടാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ടുകള്‍ വെള്ളത്തില്‍ ഇറക്കണമെങ്കില്‍ വീണ്ടും നികുതി അടക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്. ഓരോ ബോട്ടിനും വരുന്ന നിര്‍മാണച്ചെലവ് കണക്കാക്കി വേണം നികുതി അടക്കാന്‍. ഇത് ബോട്ട്നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് തൊഴിലാളികളും ഉടമകളും ഒരേ സ്വരത്തില്‍ പറയുന്നു. ബോട്ട് നിര്‍മാണം ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയാല്‍ കുഞ്ഞിത്തൈ പോലുള്ള നാട്ടിന്‍പുറങ്ങളില്‍ തൊഴില്‍സാഹചര്യം കുത്തനെ ഇല്ലാതാകും. പരമ്പരാഗത മേഖലകള്‍ സ്തംഭനത്തിലായ സാഹചര്യത്തില്‍ ബോട്ട് നിര്‍മാണം കൂടി ഇല്ലാതായാല്‍ തീരദേശം പട്ടിണിയിലാകുമെന്ന് തൊഴിലാളികള്‍ ആശങ്കപ്പെടുന്നു. ബാങ്ക് വായ്പ എടുത്തും മറ്റ് രീതിയില്‍ കടമെടുത്തും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ട്രോളിങ് നിരോധത്തിനുമുമ്പ് കായലിലും പുഴകളിലും ഇറക്കി മത്സ്യബന്ധനം നടത്തിയാല്‍ മാത്രമേ പലിശയെങ്കിലും അടക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉടമകള്‍ പറയുന്നത്. കുഞ്ഞിത്തൈ കേന്ദ്രീകരിച്ച് പത്തോളം ചെറുതും വലുതുമായ യാര്‍ഡുകള്‍ നിലവിലുണ്ട്. ഇത്രയും തന്നെ മുനമ്പം പള്ളിപ്പുറത്തുമുണ്ട്. വില്‍പന നികുതി അധികൃതരുടെ പുതിയ തീരുമാനംമൂലം വെള്ളത്തിലിറക്കാതെ നിരവധി ബോട്ടുകള്‍ യാര്‍ഡില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വെില്‍പന നികുതി വകുപ്പിന്‍െറ പുതിയ നിര്‍ദേശത്തിനെതിരെ തൊഴിലാളികളും മേസ്തിരിമാരും ചേര്‍ന്ന് സമരസമിതി രൂപവത്കരിച്ചു. കുഞ്ഞിത്തൈയില്‍ നടന്ന യോഗം ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ഭാരവാഹികളായ കെ.കെ. ഉണ്ണികൃഷ്ണന്‍, സി.ബി. ബിജി, അനില്‍ ഏലിയാസ്, കെ.എസ്. ബെനഡിക്റ്റ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.