കേരളത്തില്‍ ഇരുമുന്നണികളുടെയും ലക്ഷ്യം അധികാരം മാത്രം –കേന്ദ്രമന്ത്രി നദ്ദ

കൊച്ചി: അധികാരം മാത്രം ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഇരുമുന്നണികളുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജെ.പി. നദ്ദ. എന്‍.ഡി.എ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് കേന്ദ്രാനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ശരിയായ ഗുണഫലം ലഭിക്കാന്‍ എന്‍.ഡി.എയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ അഴിമതി-കുഭകോണ ആരോപണങ്ങളുയരാത്ത ഒരു നേതാവുപോലുമില്ളെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ധനപരമായി മാത്രമല്ല, സ്വഭാവപരമായും ആരോപണങ്ങള്‍ നേരിടുന്ന നേതാക്കളാണ് സംസ്ഥാനത്തെ നയിക്കുന്നത്. ഇത്തരം നേതാക്കള്‍ നയിക്കേണ്ടിവരുന്നത് നാടിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമരാഷ്ട്രീയവും അസഹിഷ്ണതയും തുടരുന്ന ഇടതുപക്ഷത്തിന് ശരിയായ കാഴ്ചപ്പാടോ തത്ത്വശാസ്ത്രമോയില്ല. ബംഗാളില്‍ കൈകോര്‍ക്കുന്ന ഇരുമുന്നണികളും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് ആശയപരമായ വൈരുധ്യമാണ്. അധികാരം മാത്രം ആഗ്രഹിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒരേ ഭാഷയാണെന്നും നദ്ദ ആരോപിച്ചു. സാധാരണക്കാരനെ പരിഗണിക്കുന്ന സര്‍ക്കാറാണ് കേന്ദ്രസര്‍ക്കാര്‍. ജീവന്‍ ധന്‍ യോജന, അടല്‍ പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളൊക്കെ ഇതിനുദാഹരണമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചടങ്ങില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എന്‍.ഡി.എ കക്ഷി നേതാക്കളായ പി.സി. തോമസ്, മെഹബൂബ്, ബി.ജെ.ഡി.എസ് ജില്ലാ പ്രസിഡന്‍റ് ജയപ്രകാശ്, ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.