കാക്കനാട്: കൊച്ചി റിഫൈനറിക്കകത്ത് അനധികൃത സര്‍വിസ് നടത്തിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 13 ക്രെയിനുകളും നാല് ട്രെയ്ലറുകളും ഒരു പുള്ളറും ഉള്‍പ്പെടെ വാഹനങ്ങളാണ് അധികൃതര്‍ പിടികൂടിയത്. ടാക്സും ഇന്‍ഷുറന്‍സും ഇല്ലാതെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് റിഫൈനറിക്കകത്ത് നിര്‍മാണ ജോലികള്‍ നടത്തുകയായിരുന്നു വാഹനങ്ങള്‍. വാഹന നികുതിയിനത്തില്‍ 4.35 ലക്ഷം രൂപ വാഹന ഉടമകളില്‍നിന്ന് ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പ് 200ഓളം ഇതരസംസ്ഥാന വാഹനങ്ങള്‍ പരിശോധിച്ചാണ് അനധികൃത വാഹനങ്ങള്‍ പിടികൂടിയത്. സംസ്ഥാനത്തെ വാഹന ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് റിഫൈനറിക്കകത്ത് പരിശോധന നടത്തിയത്. ടാക്സും ഇന്‍ഷുറന്‍സും ഒടുക്കാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടുന്നത് മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് റിഫൈനറി അധികൃതരെ രേഖാമൂലം അറിയിച്ചതനുസരിച്ച് റിഫൈനറിയില്‍ നിര്‍മാണ ജോലികള്‍ക്കായി കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പാസ് പുതുക്കിനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലെ വാഹനങ്ങള്‍ക്കും ഇത്തരം അന്യസംസ്ഥാന വാഹനങ്ങള്‍ വ്യാപകമായതോടെ അവസരം ഇല്ലാതായിട്ടുണ്ടെന്ന് വാഹനഉടമകളും പറഞ്ഞു. കൊച്ചി റിഫൈനറിയിലേക്ക് മാത്രം സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് അംഗങ്ങളായ ബി. ഷഫീഖ്, ജോണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.