സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ വ്യാപക പ്രതിഷേധം

കാലടി: സംസ്കൃത സര്‍വകലാശാലയില്‍ 2016-2017 അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അധ്യാപകനിയമനവുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ച് സാന്‍സ്ക്രിറ്റ് യൂനിവേഴ്സിറ്റി കോണ്‍ട്രാക്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ വൈള്ളിയാഴ്ച കരിദിനമായി ആചരിക്കും. സര്‍വിസില്‍നിന്ന് വിരമിച്ചവരെ കേരളത്തില്‍ ഒമ്പത് കേന്ദ്രങ്ങളുള്ള സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ താല്‍ക്കാലിക അധ്യാപകരായി പരിഗണിക്കണമെന്നാണ് പുതിയ സിന്‍ഡിക്കേറ്റ് തീരുമാനം. അനുബന്ധമായി താല്‍ക്കാലിക അധ്യാപകരുടെ നിയമനത്തിനുള്ള പ്രായപരിധി 63 വയസ്സായി ഉയര്‍ത്തിയിട്ടുമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സവിശേഷമായ തൊഴില്‍രഹിത സാഹചര്യത്തില്‍ 30 വര്‍ഷത്തിലധികം സര്‍വിസ് പിന്‍ബലമുള്ളവരോടൊപ്പം ഇന്‍റര്‍വ്യൂ നേരിടേണ്ടിവരുന്ന പുതിയ ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലാകുകയും അവരുടെ നിയമനസാധ്യത ഇല്ലാതാകുകയും ചെയ്യും. ഇത് പുതിയതായി പഠന ഗവേഷണങ്ങള്‍ കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാര്‍ഥികളുടെ അക്കാദമികമായ തുടര്‍പ്രവര്‍ത്തനങ്ങളെ പ്രതീകൂലമായി ബാധിക്കും. 56ാം വയസ്സില്‍ കോളജുകളില്‍നിന്ന് റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് ഏഴുവര്‍ഷത്തേക്കും 60ല്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്കും വീണ്ടും ജോലി ഉറപ്പാക്കാനുള്ള അധികൃതരുടെ നീക്കം താല്‍ക്കാലിക അധ്യാപകരുടെയും ഗവേഷണവിദ്യാര്‍ഥികളുടെയും പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരിക്കുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.