മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വാഹനം പിടിച്ചെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു

കൊച്ചി: തെരഞ്ഞെടുപ്പ് ആവശ്യത്തിനായി വാഹനങ്ങള്‍ വിട്ടുകൊടുക്കാത്ത സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം. വിവിധ കാരണങ്ങള്‍ പറഞ്ഞ് വാഹനം വിട്ടുകൊടുക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ വാഹനം പിടിച്ചെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍, എം.സി.സി നിരീക്ഷണ സമിതി, ഡിഫെയ്സ്മെന്‍റ് സ്ക്വാഡ്, ചെലവ് നിരീക്ഷണ സമിതി, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം എന്നിവയുടെ ആവശ്യത്തിനായി 326 വാഹനങ്ങളാണ് ആവശ്യം. വകുപ്പുതല വാഹനങ്ങള്‍ ഉപയോഗിക്കുകയാണ് പതിവുരീതി. എന്നാല്‍, ഇക്കുറി വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പല വകുപ്പു മേധാവികളും വിമുഖത കാണിക്കുന്നുണ്ട്. ഇതാണ് കടുത്ത നടപടിക്ക് ജില്ലാ കലക്ടറെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ദിനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാടകക്ക് എടുക്കാന്‍ വ്യവസ്ഥയുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ പരിഷ്കാരം ഈ രംഗത്തുണ്ടാകുന്നതിനാല്‍ സുഗമമായ നടത്തിപ്പിന് കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. താലൂക്കുകളില്‍ ഡിഫേസ്മെന്‍റ് സ്ക്വാഡ്, വിവിധ ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക സ്ക്വാഡുകള്‍ തുടങ്ങി ഒട്ടേറെ പുതിയ നിര്‍ദേശങ്ങള്‍ അടുത്തകാലത്തായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവക്ക് ആവശ്യമായ വാഹന സൗകര്യം ചെയ്തുകൊടുക്കേണ്ട ബാധ്യത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിനാണ്. വാഹനം അത്യാവശ്യഘട്ടങ്ങളിലൊഴികെ എടുക്കില്ളെന്ന് അറിയിച്ചിട്ടും താരതമ്യേന തിരക്കുകുറവുള്ള വകുപ്പുകളും വണ്ടി വിട്ടുനല്‍കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.