കോടികള്‍ മുടക്കി നിര്‍മിച്ച അര്‍ബന്‍ ഹാറ്റ് കല്യാണ മണ്ഡപമാക്കാന്‍ നീക്കം

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായത്തോടെ കാവുംകര മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഒരു കോടി 40 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിച്ച അര്‍ബന്‍ ഹാറ്റാണ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി കല്യാണമണ്ഡപമാക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കുന്നതിനും സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. ആറു സംസ്ഥാനങ്ങളില്‍ മാത്രം അനുവദിച്ച അര്‍ബന്‍ ഹാറ്റുകളില്‍ ഒന്നാണ് മൂവാറ്റുപുഴയില്‍ ലഭിച്ചത്. ഒമ്പതു വര്‍ഷം മുമ്പ് ഫണ്ട് ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകി. കഴിഞ്ഞ കൗണ്‍സിലിന്‍െറ അവസാന കാലത്താണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പുതിയ കൗണ്‍സില്‍ എത്തി ആറുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാളുകളും പരിപാടികള്‍ അവതരിപ്പിക്കാനുള്ള സ്റ്റേജും ഹോട്ടലും കലാകാരന്മാര്‍ അടക്കമുള്ളവര്‍ക്ക് താമസിക്കാനുള്ള മുറികളുമടക്കം ആധുനിക സൗകര്യങ്ങളോടെയാണ് അര്‍ബന്‍ ഹാറ്റ് പണി കഴിപ്പിച്ചത്. കാണികള്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണുന്നതിനുള്ള സൗകര്യവും ഉണ്ട്. എന്നാല്‍, ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതോടെ അര്‍ബന്‍ ഹാറ്റ് ഇതരസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസ കേന്ദ്രമായി മാറുകയായിരുന്നു. ഇതോടെ, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങളായ സി.എം. ഷുക്കൂറും കെ.എ. അബ്ദുസ്സലാമും രംഗത്തത്തെിയതോടെയാണ് അര്‍ബന്‍ ഹാറ്റ് കല്യാണ മണ്ഡപമാക്കാന്‍ നീക്കം ആരംഭിച്ചത്. കാവുങ്കരയുടെ വികസനം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതി അതിന്‍െറ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പാക്കേണ്ടതിനു പകരം മറ്റൊരു പദ്ധതിയാക്കുന്നതിനെതിരെ പ്രതിക്ഷേധം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.