മനോരോഗികളെ നഗ്നരാക്കി നിര്‍ത്തരുത് – ഹൈകോടതി

കൊച്ചി: ആത്മഹത്യ പ്രവണതയുള്ള മനോരോഗികളാണെങ്കിലും അവരെ നഗ്നരാക്കി നിര്‍ത്തരുതെന്ന് ഹൈകോടതി. അപകടം വരുത്താത്ത പ്രത്യേകതരം വസ്ത്രങ്ങള്‍ ഇവര്‍ക്കായി മാനസികാരോഗ്യകേന്ദ്രങ്ങളില്‍ കരുതണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. ഇത്തരം രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയക്കുമ്പോള്‍ അവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ഇത് ഡി.ജി.പി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഇടപെടലുണ്ടായത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാരും വിദഗ്ധരുമടങ്ങുന്ന പാനലിന്‍െറ അനുമതിയോടെ മാത്രമെ രോഗികളെ നഗ്നരാക്കാവൂ. പുരുഷന്മാര്‍ക്ക് പുരുഷന്മാരും സ്ത്രീകള്‍ക്ക് സ്ത്രീകളുമായിരിക്കണം ഈ സമയത്ത് പരിചരണം നല്‍കേണ്ടത്. കൂടെയുള്ളവരും ഒരേ വിഭാഗത്തിലുള്ളവരാകണം. ഇത്തരക്കാര്‍ക്ക് പ്രത്യേക വസ്ത്രങ്ങള്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഡോ. സുബ്രഹ്മണ്യനും സംഘവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കണം. തീരുമാനം ഒരു മാസത്തിനകം നടപ്പാക്കണം. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലാ ജഡ്ജിമാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് രോഗം ഭേദമായിവരുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കാന്‍ ജയിലുകളോടനുബന്ധിച്ച് സൗകര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.