മാനസികാരോഗ്യ വിദഗ്ധരുടെ സമ്മേളനം സമാപിച്ചു

കൊച്ചി: ജനസംഖ്യയില്‍ 25 ശതമാനം പേരെങ്കിലും ജീവിതത്തിന്‍െറ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന മാനസികാരോഗ്യ വിദഗ്ധരുടെ ദക്ഷിണേഷ്യന്‍ സമ്മേളനം വിലയിരുത്തി. നാല് കുടുംബങ്ങളില്‍ ഒന്നിലെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ അഭിമൂഖീകരിക്കുന്നവരുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ശാരീരിക രോഗങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ മാനസികാവസ്ഥക്ക് ഗണ്യമായ പങ്കുണ്ട്. അതിനാല്‍, പ്രാഥമികാരോഗ്യ പരിപാലനവുമായി മാനസികാരോഗ്യ സേവനങ്ങള്‍ ഇണക്കിച്ചേര്‍ക്കണമെന്ന് സമ്മേളന പ്രഖ്യാപന രേഖ ആഹ്വാനം ചെയ്തു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ആരോഗ്യ നയം പുനരാവിഷ്കരിക്കണമെന്ന് വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. ദിനേശ് ഭുഗ്ര, നിയുക്ത പ്രസിഡന്‍റ് പ്രഫ. ഹെലന്‍ ഹെര്‍മാന്‍, സെക്രട്ടറി ജനറല്‍ പ്രഫ. റോയ് എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രഖ്യാപന രേഖ ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികളില്‍ 20 ശതമാനം പേരെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ്. പക്ഷേ, നിലവില്‍ ഇവരുടെ ആരോഗ്യാവസ്ഥ തിരിച്ചറിയപ്പെടാതെ പോവുകയാണ്. രാജ്യത്തെ മെഡിക്കല്‍ ബിരുദ പാഠ്യക്രമത്തില്‍ സൈക്യാട്രിക്ക് പ്രാധാന്യം നല്‍കിയാല്‍ പൊതുജനാരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ മികവ് നേടാനാകുമെന്നും സമ്മേളനം വിലയിരുത്തി. ആയിരത്തിലധികം മാനസികാരോഗ്യ വിദഗ്ധര്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 200ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.