കോട്ടപ്പടി പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത് മലിനജലം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന കുടിവെള്ള വിതരണ സ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ശുദ്ധീകരണ സംവിധാനം തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. എന്നിട്ടും കുടിവെള്ളം ശുചീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടി വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വിരിപ്പക്കാട്ട് ചിറയിലേക്ക് ഒഴുകി വരുന്ന പെരിയാര്‍ വാലി കനാല്‍ജലം ശുചീകരിക്കാതെ നേരിട്ട് വിതരണം ചെയ്യുകയാണിപ്പോള്‍. മഴക്കാലത്ത് കനാലില്‍ ജലവിതരണം ഇല്ലാതിരിക്കുകയും കെട്ടിക്കിടക്കുന്ന മലിനജലം മഴയില്‍ ഒഴുകി ചിറയില്‍ എത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് ഇടയാക്കുകയും ചെയ്യും. നൂലേലി ചിറ കുടിവെള്ള പദ്ധതി മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും കുടിവെള്ള വിതരണത്തിന്‍െറ പ്രയോജനം കോട്ടപ്പടി നിവാസികള്‍ക്ക് ലഭിക്കുന്നില്ല. മലിനജലം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജലം ശുദ്ധീകരിച്ച് നല്‍കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.