കലക്ടര്‍ ഉത്തരവിട്ടിട്ടും വരാപ്പുഴ പാലം വഴിയുള്ള സ്വകാര്യ ബസുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു

പറവൂര്‍: ദീര്‍ഘകാലത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പരിമിതമായി പരിഹരിച്ച ഫെയര്‍സ്റ്റേജ് കൊള്ള ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടും സ്വകാര്യബസുകള്‍ തുടരുന്നു. ആറ് കിലോമീറ്ററിനുള്ളിലെ മൂന്ന് പോയന്‍റുകള്‍ എന്ന അപാകതയാണ് വര്‍ഷങ്ങള്‍ നീണ്ട യാത്രക്കാരുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ രണ്ടാക്കി കുറച്ചത്. ചുരുങ്ങിയത് മൂന്ന് രൂപയുടെയെങ്കിലും കുറവ് വരുത്തേണ്ടതിന് പകരം രണ്ടു രൂപയുടെ കുറവാണ് കഴിഞ്ഞ മേയില്‍ നടന്ന ആര്‍.ടി.ഒ യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുടമകള്‍ക്ക് നോട്ടീസും നല്‍കി. എന്നാല്‍, ഇപ്പോഴും ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ലോബി പഴയനിരക്കുതന്നെയാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയും ഏതാനും ചില സ്വകാര്യബസുകളും പുതിയ നിരക്കും ഈടാക്കുന്നു. പറവൂരില്‍നിന്ന് കലൂരിലേക്ക് പോകുന്ന യാത്രക്കാരന്‍ പുതുക്കിയ നിരക്കനുസരിച്ച് 18 രൂപ നല്‍കിയാല്‍ മതി. ദീര്‍ഘദൂര ബസുകള്‍ വൈറ്റില ഹബിലേക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ വരെ 18 രൂപക്ക് യാത്രചെയ്യാം. എന്നാല്‍, ഇവര്‍ 20 രൂപയാണ് ഈടാക്കുന്നത്. ആര്‍.ടി.എ തീരുമാനം ചൂണ്ടിക്കാട്ടി തര്‍ക്കിക്കുന്നവരെ ഭീഷണിപ്പെടുത്താനും ഇവര്‍ മടിക്കാറില്ല. വല്ലവിധേനയും ലക്ഷ്യസ്ഥാനത്തത്തൊനുള്ള തിടുക്കത്തില്‍ മറ്റ്യാത്രക്കാരും പ്രതികരിക്കാറില്ല. ഒറ്റപ്പെട്ട പരാതികള്‍ അധികൃതര്‍ക്ക് പലരും നല്‍കിയെങ്കിലും ബസ്ലോബിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ കണ്ണടക്കുകയാണ്. ഇതിനിടെ പ്രത്യക്ഷ സമരപരിപാടിയിലേക്ക് കൂനമ്മാവ് കേന്ദ്രീകരിച്ചുള്ള ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ തയാറെടുക്കുന്നുണ്ട്. ഇത് സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.