വൈപ്പിന്‍–പറവൂര്‍ മേഖലയിലെ ബസ് സമരം പിന്‍വലിച്ചു

പറവൂര്‍: വേതന വര്‍ധന ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പറവൂര്‍-വൈപ്പിന്‍ മേഖലയില്‍ ആരംഭിച്ച അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഇതോടെ രണ്ടുദിവസമായി നടന്നുവന്ന സമരത്തിന് അറുതിയായി. ശനിയാഴ്ച വൈകുന്നേരത്തോടെ ആലുവ പാലസില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ജില്ലാ ലേബര്‍ ഓഫിസര്‍ ടി.ജെ. ജോയിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബസുടമകളും തൊഴിലാളി യൂനിയന്‍ നേതാക്കളും പങ്കെടുത്തു. നാല് മണിക്കൂറിലധികം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് രാത്രി 10.15ഓടെ ചര്‍ച്ച അവസാനിച്ചത്. രണ്ടുദിവസത്തെ പണിമുടക്കിനത്തെുടര്‍ന്ന് വൈപ്പിന്‍ മേഖലയില്‍ യാത്രക്ളേശം രൂക്ഷമായിരുന്നു. വൈപ്പിന്‍-പറവൂര്‍ മേഖലയില്‍ മാത്രം 150ല്‍പ്പരം സ്വകാര്യ ബസുകളാണ് പറവൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്നത്. ഈ പ്രദേശത്തേക്കുള്ള യാത്രാസൗകര്യം സ്വകാര്യ ബസുകളെ ആശ്രയിച്ചായതിനാല്‍ മറ്റ് ബദല്‍ സംവിധാനം ഫലം കണ്ടിട്ടില്ല. കൊടുങ്ങല്ലൂര്‍, വരാപ്പുഴ, മേഖലകളിലേക്കും ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. മാഞ്ഞാലി, പുത്തന്‍വേലിക്കര, അങ്കമാലി, വാണിയക്കാട്, തത്തപ്പിള്ളി, ഏഴിക്കര, കുഞ്ഞിത്തൈ മേഖലകളിലും സര്‍വിസുകള്‍ നിലച്ചു. അതേസമയം, വരാപ്പുഴ പാലം വഴി കലൂരിലേക്ക് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് സമരക്കാര്‍ പിടികൂടി. വരാപ്പുഴയില്‍നിന്ന് സര്‍വിസ് നടത്തുന്നതിനിടെയാണ് ബസ് തടഞ്ഞത്. മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന ബസ് അവിടെതന്നെ പാര്‍ക്ക് ചെയ്യിപ്പിച്ചു. രോഷാകുലരായ സമരക്കാരോട് ഇതേ ബസിലെ ഡ്രൈവര്‍ മാപ്പ് പറഞ്ഞതോടെയാണ് രംഗം ശാന്തമായത്. സമരത്തെ തുടര്‍ന്ന് ബസ് തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ.സി. രാജീവ്, ടി.സി. സുബ്രഹ്മണ്യന്‍, വി.സി. പത്രോസ്, ജോയ് ജോസഫ്, ഫൈസല്‍ താന്നിപ്പാടം, കെ.എസ്. ശ്യാംജിത്ത്, എം.എസ്. താരകേശ്വരന്‍, കെ.എ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പറവൂര്‍ ആന്‍റണി, വേണു കാക്കനാടന്‍, ചിന്നന്‍, സജീവന്‍, സി.ജി. പ്രഭാകരന്‍, വി.പി. പ്രശാന്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.