ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവെന്ന് കോടിയേരി

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴക്കം ചെന്ന ബോട്ട് സര്‍വിസിനുപയോഗിച്ചതിന് പിന്നില്‍ കോര്‍പറേഷനും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്. ബോട്ടിന് അനുമതി നല്‍കിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപകടത്തില്‍ പങ്കുണ്ട്. അതുകൊണ്ടുതന്നെ തുറമുഖ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി കെ. ബാബു ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്ന് കോടിയേരി ആരോപിച്ചു. എ.ഡി.ജി.പി.യെ ഉപയോഗിച്ച് അന്വേഷണപ്രഹസനം നടത്തുന്നത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ്. ബോട്ടപകടം അന്വേഷിക്കാനുള്ള സാങ്കേതിക മികവ് പൊലീസിനില്ല. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ എ.ഡി.ജി.പിയെ അന്വേഷണത്തിന് നിയമിച്ചു എന്നാണ് മറുപടി നല്‍കിയത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്നും പറഞ്ഞു. എന്നാല്‍, എ.ഡി.ജി.പിയുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനായതിനാല്‍ അന്വേഷണം എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. ജുഡീഷ്യല്‍ അന്വേഷണത്തിന് പ്രമേയം പാസാക്കിയെന്നാണ് മേയര്‍ പറയുന്നത്. പ്രമേയം ആത്മാര്‍ഥമെങ്കില്‍ മേയറും ഭരണപക്ഷവും എല്‍.ഡി.എഫിന്‍െറ നിരാഹാരത്തില്‍ പങ്കെടുക്കണം. അല്ളെങ്കില്‍ മുഖ്യമന്ത്രിയെ ചെന്നുകണ്ട് പ്രമേയം അനുസരിച്ച് അന്വേഷണം പ്രഖ്യാപിച്ചില്ളെങ്കില്‍ തിരുവനന്തപുരം വിടില്ളെന്ന് പ്രഖ്യാപിച്ച് അവിടെ സത്യഗ്രഹമിരിക്കണം. 11 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ വീതമുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണം. മരിച്ചവരുടെ കുടുംബങ്ങളില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീടുനിര്‍മിച്ചുനല്‍കണം. ഇതിനായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.