സംഗീതത്തില്‍ കളവ് കലര്‍ത്തുന്ന ഷോ സംസ്കാരത്തെ എതിര്‍ക്കണം –ഡോ.കെ.എസ്. രാധാകൃഷ്ണന്‍

ആലുവ: മാനവികതയെ ഉള്‍ക്കൊള്ളുന്ന സംഗീതത്തില്‍ കളവ് കലര്‍ത്തുന്ന റിയാലിറ്റി ഷോ സംസ്കാരത്തെ ശക്തമായി എതിര്‍ക്കാന്‍ പരിശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവര്‍ മുന്നോട്ടുവരണമെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ആലുവ സംഗീതസഭയുടെ (ടാസ്) 60ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയില്‍ ഒരിക്കലും കളവില്ല. അതുകൊണ്ടുതന്നെയാണ് കലകള്‍ ആഗോളതലങ്ങളിലേക്ക് എന്നും വ്യാപിച്ചുകൊണ്ടിരിക്കുന്ന ത്. കലയെ അഞ്ചാമത്തെ വേദാന്തമായാണ് ഭരതമുനി വിശേഷിപ്പിച്ചത്. ജാതിക്കും മതത്തിനും അതീതമായി എല്ലാവരുടെ മനസിലേക്കും കടന്നുകയറാന്‍ കലയ്ക്ക് കഴിയണം. കലയ്ക്കവേണ്ടിയുള്ള മത്സരമല്ല, മറിച്ച് കലാകാരന്മാരെ പങ്കാളികളാക്കിയുള്ള പരിപാടികളായിരിക്കണം സംഘടിപ്പിക്കേണ്ടത്. എപ്പിസോഡുകള്‍ നീട്ടി കൂടുതല്‍ പ്രതിഫലം ലഭിക്കാനുള്ള പരിപാടിയാക്കി സംഗീതത്തെ അധപതിപ്പിക്കാന്‍ സംഗീത രംഗത്തുള്ള പ്രമുഖരായവര്‍ വരെ മുന്നോട്ടുവരുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടാസ് പ്രസിഡന്‍റ് എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സീരിയല്‍ നടന്‍ രാജീവ് റോഷന്‍, ബാബു പള്ളാശേരി, സി.എന്‍.കെ. മാരാര്‍, ബി. മോഹനന്‍ മാസ്റ്റര്‍, ഏലൂര്‍ മോഹന്‍, എ.എച്ച്. ഷാനവാസ്, കെ.ജി. മണികണ്ഠന്‍, ജി. രാജേന്ദ്രന്‍ നായര്‍, പ്രവീണ്‍, മുപ്പത്തടം ശിവന്‍, പി. രാമചന്ദ്രന്‍, എ. രഘു, ജയന്‍ മാലില്‍, കെ.എന്‍. ചന്ദ്രശേഖരന്‍ നായര്‍, ബാലകൃഷ്ണന്‍, അനില്‍കുമാര്‍, എന്‍. കുമരേശന്‍, ബേബി കരുവേലില്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്. വിശ്വനാഥന്‍, യൂസഫലി കേച്ചേരി എന്നിവരെ സ്മരിച്ചുള്ള സംഗീതാലാപനം, ചൊവ്വര ബഷീര്‍, ബാബു പള്ളാശേരി എന്നിവരുടെ ഏകപാത്ര നാടകങ്ങള്‍ എന്നിവയും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.