നഗരസഭാ ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസിന്‍െറ സദ്ബുദ്ധി യാത്ര

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നഗരസഭക്ക് അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി തടസ്സപ്പെടുത്തി കൊച്ചിയുടെ വികസന സാധ്യതകളെ മുടക്കാനുള്ള സി.പി.എം ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി നഗരസഭാ ആസ്ഥാനത്തേക്ക് സദ്ബുദ്ധി യാത്ര നടത്തി. ഹോസ്പിറ്റല്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കെ.പി.സി.സി സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരമാണിതെന്നും സമരംമൂലം 1000 കോടിയുടെ വികസന പദ്ധതിയാണ് കൊച്ചിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്നും അബ്ദുല്‍ മുത്തലിബ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ് സമരം. കഴിഞ്ഞ ഉപരോധംമൂലം രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എം നഗരത്തില്‍ നടത്തിയത്. 23ന് നടത്തുന്ന സ്മാര്‍ട്ട് കൊച്ചി കൗണ്‍സില്‍ തടയാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കുമെന്ന് അബ്ദുല്‍ മുത്തലിബ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേങ്ങയുടച്ച് സദ്ബുദ്ധി പൂജ നടത്തി. തമ്പി സുബ്രഹ്മണ്യം, ദീപക് ജോയ് എന്നിവര്‍ സംസാരിച്ചു. മനു ജേക്കബ്, അജയകുമാര്‍, എ.ആര്‍. പത്മദാസ്, രതീഷ്കുമാര്‍, ടെന്‍സന്‍ ജോണ്‍, നോബല്‍കുമാര്‍, ലിജോ കടവന്ത്ര, എം.എച്ച്. ഹരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.