ജൈന ക്ഷേത്രത്തിലെ മോഷണം: പതിനാറുകാരന്‍ പിടിയില്‍

മട്ടാഞ്ചേരി: ജൈന ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ച കേസില്‍ പതിനാറുകാരനെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്റ്റാര്‍ മൂലയില്‍ ഗുജറാത്തി റോഡ് സ്വദേശിയെയാണ് മട്ടാഞ്ചേരി എസ്.ഐ വി. ജോഷിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലായ കൗമാരക്കാരന്‍െറ കൈവശം സൂക്ഷിച്ചിരുന്ന പതിനാറ് പൊതി കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് മട്ടാഞ്ചേരി ജൈന ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. നേരത്തേ, മട്ടാഞ്ചേരി ഇളയകോവിലകം മുസ്ലിം പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവര്‍ന്ന കേസില്‍ ഇതേ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ജൈന ക്ഷേത്രത്തിലെ മോഷണത്തിന് പിന്നിലും കൗമാരക്കാരനായിരിക്കാമെന്ന നിഗമനത്തില്‍ എസ്.ഐ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച പണവുമായി പ്രതി ബംഗളൂരുവില്‍ പോയി 32 പൊതി കഞ്ചാവ് വാങ്ങി ഇവിടെയത്തെി വില്‍പന നടത്തുന്നതിനിടെയാണ് വലയിലായത്. പ്രതിയെ കൂടാതെ മറ്റ് ചിലരും കേസില്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച ഭണ്ഡാരം ലോബോ ജങ്ഷനില്‍ ഒരു കെട്ടിടത്തിന്‍െറ തട്ടിന്‍പുറത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നേരത്തേ, ചേര്‍ത്തലയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഫോര്‍ട്ട്കൊച്ചി പൊലീസില്‍ കേസുണ്ടെന്ന് മട്ടാഞ്ചേരി എസ്.ഐ വി. ജോഷി പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തതില്‍ മറ്റ് ചില മോഷണങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.