ചിറക്കലില്‍ കക്കൂസ്മാലിന്യം തള്ളുന്നു; നാട്ടുകാര്‍ക്ക് ദുരിതം

പള്ളുരുത്തി: പള്ളുരുത്തി ചിറക്കല്‍ മറൈന്‍ ജങ്ഷനില്‍ ഓടയില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലാണ് രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയും ഈ ഭാഗത്ത് വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. ഓട്ടോ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഈ ഭാഗത്ത് അസഹനീയ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. രാത്രി ആള്‍സഞ്ചാരം കുറവായതിനാലാണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളുന്നതിന് ഇവിടം തെഞ്ഞെടുക്കുന്നത്. നേരത്തേ, സാന്തോം കോളനി പരിസരത്താണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മറൈന്‍ ജങ്ഷനില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. പലതവണ ഇത് ആവര്‍ത്തിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സാമൂഹികവിരുദ്ധരെ കൈകാര്യം ചെയ്യാന്‍ രാത്രി കാവലിന് തയാറെടുക്കുകയാണ് നാട്ടുകാര്‍. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.