കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കോതമംഗലം: കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയടക്കം മൂന്നുപേരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കറങ്ങി കാമ്പസുകളില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി വെണ്ടുവഴി സ്വദേശി മിഥുന്‍(22), തോപ്രാംകുടി സ്വദേശികളായ കുറ്റിയാംപ്ളാവുങ്കല്‍ എബിന്‍(27), അയ്യന്‍പറമ്പില്‍ തങ്കച്ചന്‍ (52) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന പ്രധാന പ്രതി തട്ടേക്കാട് പുല്‍പ്രക്കുടി നിഖില്‍ പൊലീസിനെ കണ്ട് രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പൊലീസ് പിടികൂടിയ വില്‍പനക്കാരും ഉപഭോക്താക്കളുമായ നെല്ലിക്കുഴി സ്വദേശികളായ അന്‍സല്‍, ഫൈസല്‍, അബ്ദുല്‍ മജീദ്, അസ്കര്‍, സാജിദ് എന്നിവരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കോതമംഗലത്തെ പ്രമുഖ കലാലയത്തിലും സ്വാശ്രയ സ്ഥാപനങ്ങളിലുമടക്കം ലഹരിമരുന്ന് എത്തിച്ചിരുന്നത് മിഥുനും രക്ഷപ്പെട്ട നിഖിലും ചേര്‍ന്നാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ചെറിയ ബീഡികളിലായി ഒന്നോ രണ്ടോ പുക എടുക്കാന്‍ അനുവദിച്ചശേഷം കഞ്ചാവ് വില്‍പനയുടെ കണ്ണികളാക്കി മാറ്റുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കുറഞ്ഞ അളവില്‍ മാത്രം കൈയില്‍ സൂക്ഷിക്കുകയും ഫോണില്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ചെയ്തിരുന്നത്. നിഖിലിനെ പിടികൂടിയാല്‍ മാത്രമേ ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടം കണ്ടത്തൊന്‍ കഴിയൂ. കുട്ടമ്പുഴ എസ്.ഐ ആര്‍. രാജേഷ്, പൊലീസ് ഓഫിസര്‍മാരായ എല്‍ദോസ്, ബേസില്‍, നിജു, ഇബ്രാഹീംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.