ഐ.എസ്.ആര്‍.ഒ പെര്‍ക്ളോറേറ്റ് ദുരിതം; വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം –ജനകീയ സമിതി

ആലുവ: കീഴ്മാട് ഐ.എസ്.ആര്‍.ഒയില്‍നിന്ന് പുറത്തത്തെിയ പെര്‍ക്ളോറേറ്റ് രാസമാലിന്യത്തെ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. അമോണിയം പെര്‍ക്ളോറേറ്റ് എക്സ്പെരിമെന്‍റ് പ്ളാന്‍റില്‍നിന്ന് ചോര്‍ന്ന രാസമാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിച്ച് രോഗികളായ കുടുംബങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ എത്രയും വേഗം നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 2014 ജനുവരിയിലാണ് ഐ.എസ്.ആര്‍.ഒ പ്ളാന്‍റ് പരിസരത്തെ കീഴ്മാട്, എടത്തല പഞ്ചായത്ത് നിവാസികള്‍ രാസമാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിച്ച് ഹൈപോതൈറോയ്ഡിസത്തിന് ഇരയായെന്ന വിവരം സി.എസ്.ഐ.ആര്‍ പുറത്തുവിട്ടത്. ജനകീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് നടത്തി രക്തസാമ്പ്ളുകള്‍ പരിശോധിച്ച് 88 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മേഖലയിലെ കിണര്‍വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതിന് നിരോധം വന്നത്. ജില്ലാ കലക്ടര്‍ ഇടപെട്ട് വെള്ളം സംഭരിക്കാനുള്ള ടാങ്ക് നല്‍കിയും പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചും ടാങ്കര്‍ ലോറികളില്‍ വെള്ളമത്തെിച്ചുമാണ് ശുദ്ധജല വിതരണം ലഭ്യമാക്കിയത്. ഐ.എസ്.ആര്‍.ഒയുടെ എ.പി.ഇ.പി പ്ളാന്‍റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് പെര്‍ക്ളോറേറ്റ് ദുരന്തത്തിന്‍െറ ആഘാതത്തെപ്പറ്റി പഠിച്ച്, പരിഹാരം നിര്‍ദേശിക്കുന്ന ദുരന്ത പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് മാസങ്ങള്‍ക്കുമുമ്പ് സമര്‍പ്പിച്ചിട്ടും ഐ.എസ്.ആര്‍.ഒ അധികൃതര്‍ നടത്തുന്ന നിസ്സഹകരണം മൂലമാണ് തുടര്‍നടപടികള്‍ വൈകുന്നതെന്ന് ജനകീയ സമിതി ആരോപിച്ചു. നാലാംമൈലിലുള്ള ഐ.എസ്.ആര്‍.ഒക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കീഴ്മാട് എടത്തല പഞ്ചായത്തുകളില്‍ പെര്‍ക്ളോറേറ്റിന്‍െറ സാന്ദ്രത ഭൂമിയിലും വെള്ളത്തിലും അനുവദനീയമായതിലും അധികമാണ്. അമോണിയം പെര്‍ക്ളോറേറ്റിന്‍െറ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്ന സാധരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും ശുദ്ധജലവും എത്തിക്കുന്നതിന് കാലതാമസം വരുത്തരുതെന്ന് ദുരന്തനിവാരണ ജനകീയ സമിതി കണ്‍വീനര്‍ കെ.എ. ബഷീര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.