എം.എസ്.എഫ് തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാവിന് അവഗണന

കളമശ്ശേരി: എം.എസ്.എഫ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിക്ക് അവഗണന. കമ്മിറ്റിയില്‍ പ്രതിനിധിയായി കടന്നുകൂടാനുള്ള നേതാവിന്‍െറ ശ്രമം കളമശ്ശേരിയിലെ ഇരു ഗ്രൂപ്പുകളും ഒന്നിച്ചെതിര്‍ത്തതോടെയാണ് ഉള്‍പ്പെടാന്‍ കഴിയാതെ വന്നത്. തെരഞ്ഞെടുപ്പ് നടന്ന ശാഖാ കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റിവരെയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. നിയോജക മണ്ഡലം കമ്മിറ്റിയില്‍ 47 അംഗങ്ങളാണുള്ളത്. ഇവരാണ് നിയോജക മണ്ഡലം ഭാരവാഹികളെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത്. ശാഖാ കമ്മിറ്റിയില്‍ പേര് ഉള്‍പ്പെടാതിരുന്ന സംസ്ഥാന നേതാവിന്‍െറ പേര് നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വായിച്ചപ്പോള്‍ യോഗത്തിലുണ്ടായ ഇരു ഗ്രൂപ്പിപെട്ടവരും ഒന്നടങ്കം എഴുന്നേറ്റ് എതിര്‍ത്തുവെന്ന് അറിയുന്നു. ഇതിനിടെ, സമ്മര്‍ദതന്ത്രങ്ങളിലൂടെ ലിസ്റ്റില്‍ പേര് പെടുത്താനുള്ള നീക്കവും ഗ്രൂപ്പുകള്‍ എതിര്‍ത്തതോടെ നേതാവിന്‍െറ അകത്തേക്ക് കയറിപ്പറ്റാനുള്ള വഴികള്‍ അടഞ്ഞു. സംഘടനയുടെ സംസ്ഥാന നേതാവിന്‍െറ നാട്ടിലെ സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന്‍െറ പ്രതിനിധിക്കുവേണ്ടി ഒരു നോമിനേഷന്‍പോലും കൊടുക്കാതിരുന്നത് പാര്‍ട്ടിയില്‍ വലിയ വിമര്‍ശത്തിന് വഴിവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.