മഹാരാജാസില്‍ ബിരുദ പ്രവേശത്തില്‍ വിവേചനമുണ്ടായിട്ടില്ല –പ്രിന്‍സിപ്പല്‍

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ പ്രവേശത്തില്‍ ദലിത്-പിന്നാക്ക വിദ്യാര്‍ഥികളോട് വിവേചനമുണ്ടായിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍. പ്ളസ് ടു പരീക്ഷ വിജയിച്ച 17-18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ബിരുദ പ്രവേശത്തിന് അപേക്ഷ ക്ഷണിക്കാറ്. എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം പല സ്ഥാപനങ്ങളിലും അഡ്മിഷന്‍ നേടി പഠനം പാതിവഴി ഉപേക്ഷിക്കുകയോ പരാജയപ്പെടുകയോ ചെയ്തവരാണ് പ്രായംകൂടിയ അപേക്ഷകരില്‍ അധികവും. മഹാരാജാസ് ഉള്‍പ്പെടെ കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രവേശം നേടുന്നതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. നിശ്ചിത പ്രായപരിധി കഴിഞ്ഞ വിദ്യാര്‍ഥികളാണ് കോളജില്‍ നടക്കുന്ന മിക്ക അച്ചടക്ക പ്രശ്നങ്ങള്‍ക്കും കാരണമാകാറുള്ളത്. ഇവരെക്കാള്‍ കൂടുതല്‍ പ്രവേശത്തിന് മുന്‍ഗണന നല്‍കേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെങ്കിലും പ്ളസ് ടു വിജയിച്ചവര്‍ക്കാണെന്ന വിദഗ്ധാഭിപ്രായത്തിന്‍െറ വെളിച്ചത്തിലാണ് ഇങ്ങനെയൊരു നിബന്ധന പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയത്. പ്രായപരിധി നിശ്ചയിച്ചുള്ള തീരുമാനം പ്രവേശ നടപടി തുടങ്ങുംമുമ്പേ പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയതാണ്. കോളജിലെ എല്ലാ വകുപ്പ് മേധാവികളും ഉള്‍ക്കൊള്ളുന്ന അക്കാദമിക് കൗണ്‍സിലും ഗവേണിങ് കൗണ്‍സിലും അവയില്‍ നിക്ഷിപ്തമായ അധികാര പ്രകാരമാണ് പ്രോസ്പെക്ടസിന് അംഗീകാരം നല്‍കിയത്. എന്നാല്‍, ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിച്ചെന്ന നിലക്കുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. പ്രായപരിധി കഴിഞ്ഞ എല്ലാ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്കും ഈ നിയമം ബാധകമാണ്. പല അപേക്ഷകരും ഇക്കാരണത്താല്‍ പ്രവേശം നേടാതെ പോയിട്ടുണ്ട്. ദലിത് വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് ഇക്കാരണത്താല്‍ പ്രവേശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ദലിത് വിദ്യാര്‍ഥിക്ക് മാത്രമേ ആ സീറ്റില്‍ പ്രവേശം അനുവദിക്കൂ. എസ്.സി/എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട ഒരു സീറ്റുപോലും പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടില്ളെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇത് കൂടാതെ നിശ്ചിത പ്രായപരിധി കഴിഞ്ഞ 13 വിദ്യാര്‍ഥികള്‍ വിവിധ പഠന വകുപ്പുകളില്‍ പ്രവേശം നേടിയതായി അവസാനഘട്ട സൂക്ഷ്മ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ബിരുദ പ്രവേശത്തിന്‍െറ ആദ്യഘട്ടത്തില്‍ നിരന്തര സമരങ്ങളും ഉപരോധങ്ങളും മറ്റും നിലനിന്ന സാഹചര്യത്തിലാണ് പ്രോസ്പെക്ടസിലെ പുതിയ നിര്‍ദേശം ശ്രദ്ധയില്‍പെടാതെ പോയത്. മാത്രമല്ല, സ്പോര്‍ട്സ്, ആര്‍ട്സ്, ലക്ഷദ്വീപ് വിഭാഗത്തില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന വാദവും ഉയര്‍ന്നു. ഈ വാദങ്ങളോ ഇവരുടെ പ്രവേശമോ നിയമപരമായി നിലനില്‍ക്കില്ളെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെയും പ്രവേശം റദ്ദ് ചെയ്യാന്‍ കോളജ് കൗണ്‍സിലും ഗവേണിങ് കൗണ്‍സിലും തീരുമാനിച്ചതെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.