കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ പടിവാതിലില്‍ എത്തിക്കുന്ന ഡോര്‍സ്റ്റെപ് ബാങ്കിങ് എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടപ്പാക്കുന്നു. ഇതോടൊപ്പം നവയുഗ ബാങ്കിങ് സേവനങ്ങളായ ഫോണ്‍ ബാങ്കിങ്, വോയിസ് എസ്.എം.എസ് ഫെസിലിറ്റി, മിസ്ഡ് കോള്‍ എന്‍ക്വയറി, ഇന്‍സ്റ്റന്‍റഡ് മൊബൈല്‍ പെയ്മെന്‍റ്, ഇ-കോമേഴ്സ് ഫെസിലിറ്റി എന്നിവയും നടപ്പാക്കും. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ബാങ്കിന്‍െറ പൊതുയോഗം അംഗീകാരം നല്‍കി. പ്രവര്‍ത്തനം വിപുലമാക്കാന്‍ ബാങ്കിങ് ശാഖകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ് കറസ്പോണ്ടന്‍റുകളെ നിയോഗിക്കാനും ഗ്രാമീണ മേഖലയില്‍ കൂടുതല്‍ എ.ടി.എം സ്ഥാപിക്കാനും എല്ലാ പഞ്ചായത്തുകളിലും ശാഖകള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. സഹകരണ മേഖലയില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വായ്പയാണ് കൊച്ചി മെട്രോക്ക് നല്‍കിയത്. എറണാകുളം ജില്ലാ സഹകരണ ബാങ്ക് കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 450 കോടി രൂപ നല്‍കാനും സര്‍ക്കാറുമായി ധാരണയായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് 5796.62 കോടി നിക്ഷേപവും 3306.74 കോടി അഡ്വാന്‍സും 9103.36 കോടി രൂപ ബിസിനസും 5.97 കോടി രൂപ ലാഭവുമുണ്ട്. 2016-17 വര്‍ഷത്തേക്ക് 7609.92 കോടിയുടെ വരവും 7014.47 കോടി ചെലവും 59.54 കോടി ലാഭവും പ്രതീക്ഷിക്കുന്ന ബജറ്റിന് യോഗം അംഗീകാരം നല്‍കി. 2014-15 വര്‍ഷത്തേക്ക് 20 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കാക്കനാട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്‍റ് എന്‍.പി. പൗലോസ് അധ്യക്ഷത വഹിച്ചു. 2014-15 വര്‍ഷത്തേക്കുള്ള വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിനുള്ള അഡ്വ. എം.വി. ജോസഫ് മെമ്മോറിയല്‍ അവാര്‍ഡ് നെടുമ്പാശ്ശേരി പഞ്ചായത്ത് സര്‍വിസ് സഹകരണ ബാങ്കിനും എംപ്ളോയീസ് സംഘത്തിനുള്ള അവാര്‍ഡ് ശ്രീ ശങ്കര കോളജ് എംപ്ളോയീസ് ക്രെഡിറ്റ് സംഘത്തിനും വ്യവസായ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിനും മറ്റ് വിഭാഗങ്ങളില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എംപ്ളോയീസ് കണ്‍സ്യൂമര്‍ സംഘത്തിനും ബാങ്ക് നടപ്പാക്കിയ ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതിയുടെ നടത്തിപ്പിനുള്ള അവാര്‍ഡ് മഞ്ഞപ്ര സര്‍വിസ് സഹകരണ ബാങ്കിനും ലഭിച്ചു. സഹകരണ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ദേശീയതലത്തില്‍ കിഫ്കോ ഏര്‍പ്പെടുത്തിയ സഹകാരിത വിഭൂഷന്‍ അവാര്‍ഡ് നേടിയ ബാങ്ക് ഡയറക്ടര്‍ എം.ഇ. ഹസൈനാരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് പി.പി. ഉതുപ്പാന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ എം.കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.