ഫ്ളാറ്റ് പദ്ധതി പൂര്‍ത്തിയാകുംവരെ വീട്ടുവാടക കോര്‍പറേഷന്‍ നല്‍കണമെന്ന് പരാതി

കൊച്ചി: രാജീവ് ആവാസ് യോജന പദ്ധതിപ്രകാരം 398 ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി അനുമതി ലഭിച്ച ഫ്ളാറ്റിന്‍െറ നടപടിക്രമങ്ങള്‍ അന്യായമായി താമസിക്കുന്ന സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതുവരെ വീട്ടുവാടക കോര്‍പറേഷന്‍ നല്‍കണമെന്നും ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ‘റേ സംരക്ഷണ സമിതി’യുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച ശേഷമാണ് ഗുണഭോക്താക്കള്‍ ഈ ആവശ്യം ഉന്നയിച്ചുള്ള പരാതി നല്‍കിയത്. റേ പദ്ധതിയുടെ ഗുണഭോക്താവായി നിലനില്‍ക്കുന്നതിനാല്‍ ഗവണ്‍മെന്‍റിന്‍െറ വീടിന്‍െറ പദ്ധതികള്‍ക്ക് അപേക്ഷിക്കാനോ ലഭിക്കുകയോ ഗുണഭോക്താക്കള്‍ക്ക് സാധിക്കില്ല. 36 മാസം കാലാവധിയുള്ള റേ പദ്ധതി 15 മാസം പിന്നിട്ടിട്ടും ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയോ അതിനുള്ള മുന്നൊരുക്കമോ കോര്‍പറേഷന്‍െറ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലയെന്ന് ഗുണഭോക്താക്കള്‍ പരാതിയില്‍ പറഞ്ഞു. പരാതി സെക്രട്ടറി ഫയലില്‍ സ്വീകരിക്കുകയും ഫ്ളാറ്റ് പദ്ധതി വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കി. 2014 ജൂണില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ സാങ്കേതികാനുമതി ലഭിച്ച ഫ്ളാറ്റ് പദ്ധതി ഇത്രയും കാലം അന്യായമായി വെച്ച് താമസിപ്പിച്ചതിനുശേഷം ഇപ്പോള്‍ കൂടുതലായി എസ്റ്റിമേറ്റ് തുക കണ്ടത്തെണമെന്ന കോര്‍പറേഷന്‍െറ ന്യായീകരണം അസ്വീകാര്യമാണെന്ന് റേ സംരക്ഷണ സമിതി ചെയര്‍മാന്‍ താഹിര്‍ അനസ് അഭിപ്രായപ്പെട്ടു. പദ്ധതി ആരംഭിക്കാന്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതലായി കണ്ടെത്തേണ്ട തുക പിരിച്ചെടുത്ത് പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ റേ സംരക്ഷണ സമിതി ഹൈകോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സെക്രട്ടറി ബഷീര്‍ വി.എം, സനീറ വി.എം, അഫ്സ സലീം എന്നിവരും പരാതികാര്‍ക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.