കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊച്ചിയില്‍ ഒൗദ്യോഗിക നടപടിക്രമങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ഈ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ നടപ്പാക്കേണ്ടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച പ്രത്യേക കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കേണ്ട പദ്ധതി നിര്‍ദേശങ്ങളില്‍ ജനങ്ങളില്‍നിന്നുള്ള നിര്‍ദേശം പരമപ്രധാനമായതിനാല്‍ ഈമാസം 22 മുതല്‍ 30 വരെയുള്ള തീയതികളില്‍ മുഴുവന്‍ ഡിവിഷനിലും വാര്‍ഡ് സഭകള്‍ വിളിച്ചുകൂട്ടി പദ്ധതി അവതരിപ്പിക്കുകയും ചെയ്യും. വെള്ളിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചി നഗരം തയാറാക്കേണ്ട സ്മാര്‍ട്ട് സിറ്റീസ് പ്രപ്പോസല്‍ മുഖ്യ അജണ്ട. പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്ന വിവിധ മേഖലകള്‍, പദ്ധതി നിര്‍വഹണരീതികള്‍, സമയക്രമം, സാമ്പത്തികവശങ്ങള്‍ എന്നീ വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 1000 കോടിയോളം രൂപ കൊച്ചി നഗരത്തിന്‍െറ സമഗ്ര വികസനത്തിനും ആധുനികവത്കരണത്തിനും ലഭ്യമാക്കാനുതകുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍െറ കീഴിലെ വകുപ്പുകളും സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പും സജ്ജമാണെന്ന് മേയര്‍ അറിയിച്ചു. രാജ്യത്ത് ആകമാനം 98 നഗരങ്ങളെ ഇതിനകം സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തില്‍ കൊച്ചി മാത്രമാണുള്ളത്. മുന്‍ ന്യൂയോര്‍ക് മേയര്‍ ബ്ളൂം ബര്‍ഗ് നേതൃത്വം നല്‍കുന്ന അന്തര്‍ദേശീയ ജൂറിക്ക് മുന്നില്‍ പദ്ധതി രേഖ വിജയകരമായി സമര്‍പ്പിക്കുന്ന നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുക. പദ്ധതിരേഖയില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഖ്യഘടകമാണ്. ഇതിന് നഗരത്തിലെ 74 വാര്‍ഡിലും സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് പ്രത്യേക വാര്‍ഡ്സഭകള്‍ വിളിച്ചുചേര്‍ക്കും. വാര്‍ഡ്സഭകളില്‍നിന്ന് വരുന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായിതന്നെ സ്മാര്‍ട്ട് സിറ്റി പ്രപ്പോസലില്‍ ഉള്‍പ്പെടുത്തും. ഈ മാസം 22 മുതല്‍ 30 വരെ തീയതികളിലായിരിക്കും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക വാര്‍ഡ്സഭകള്‍ വിളിച്ചുകൂട്ടുക. 27ന് അംഗപരിമിതര്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍, മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. 28ന് റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും പ്രസിഡന്‍റുമാരുടെയും പ്രത്യേക യോഗം ചേരും. തുടര്‍ന്ന് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എന്‍ജിനീയര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ യോഗവും വിളിച്ചുചേര്‍ക്കും. ഇതോടൊപ്പം നവമാധ്യമങ്ങളിലൂടെയും അഭിപ്രായശേഖരണം നടത്തും. ഇതിന് പ്രത്യേക വെബ്സൈറ്റും ഫേസ്ബുക് പേജും ട്വിറ്റര്‍ അക്കൗണ്ടും യൂട്യൂബ് ചാനലും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.