വികസനപ്രവര്‍ത്തനം എതിരാളികള്‍ പോലും അംഗീകരിച്ചു –മന്ത്രി ഇബ്രാഹിംകുഞ്ഞ്

പെരുമ്പാവൂര്‍: യു.ഡി.എഫ് സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ പോലും അംഗീകരിച്ചതാണെന്നും നാലര വര്‍ഷം കൊണ്ട് 45 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. സംസ്ഥാന റോഡുകളുടെ വികസനത്തിന്‍െറ ഭാഗമായി വിപുലീകരിച്ച വെങ്ങോല, പോഞ്ഞാശ്ശേരി, നായര്‍പീടിക എന്നിവിടങ്ങളിലെ കനാല്‍ പാലങ്ങളുടെയും ചെമ്പാരത്തുകുന്ന് അമ്പലച്ചിറയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഞ്ഞാശ്ശേരി നായര്‍പീടിക കവലയില്‍ നടന്ന ചടങ്ങില്‍ സാജു പോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രി എല്ലാ പിന്തുണയും സഹായവും നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. പാലങ്ങള്‍ വിപുലീകരിച്ചതോടെ പെരുമ്പാവൂര്‍-ആലുവ റോഡിലൂടെ യാത്ര കൂടുതല്‍ സുഗമമാകും. തിരുവനന്തപുരം സ്പിന്നിങ്മില്‍ ചെയര്‍മാന്‍ എം.പി. അബ്ദുല്‍ ഖാദര്‍, വാഴക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി. ഷമീര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എം.പി. രാജന്‍, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എം. അവറാന്‍, വെങ്ങോല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ഏലിയാസ്, ജില്ലാ ആസൂത്രണസമിതി മെംബര്‍ എം.യു. ഇബ്രാഹിം, വെങ്ങോല ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.പി. അബ്ദുല്‍ ജലാല്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. രമ സ്വാഗതവും വെങ്ങോല പഞ്ചായത്ത് മെംബര്‍ കെ.എം. അന്‍വര്‍ അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.