പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ്: പിഴ നാളെ മുതല്‍

കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ബുധനാഴ്ചത്തെ കോടതി ഉത്തരവ് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി. വ്യാഴാഴ്ച കൂടി നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി മുന്നറിയിപ്പ് നല്‍കും. അതിനുശേഷം നിയമലംഘനത്തിനെതിരെ പിഴ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ ബുധനാഴ്ചത്തെ കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ളെന്ന വിശദീകരണം മുഖവിലക്കെടുത്താണ് നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ കാരണം. നിയമം നിലവില്‍ വന്നതോടെ ലിഫ്റ്റ് കിട്ടണമെങ്കില്‍ ഹെല്‍മറ്റ് കൈയില്‍ കരുതണമെന്ന അവസ്ഥയിലായി പിന്‍സീറ്റ് യാത്രക്കാര്‍. ഹെല്‍മറ്റില്ലാതെ പിന്നിലിരുത്താന്‍ വണ്ടിയോടിക്കുന്നവര്‍ തയാറാകില്ല. ബൈക്കിലെ ഫ്രീ യാത്രയാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് നഷ്ടമായിരിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് രണ്ട് ഹെല്‍മറ്റ് വാങ്ങിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍െറ ആലോചന. ഒരെണ്ണം കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടുന്ന ഇരുചക്രവാഹന യാത്രക്കാര്‍ രണ്ടാമതൊരു ഹെല്‍മറ്റ് കൂടി കരുതണമെന്ന നിര്‍ദേശം പ്രായോഗികമല്ളെന്നാണ് അധികൃതര്‍തന്നെ ചൂണ്ടിക്കാട്ടുന്നത്. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. 2003ലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സുപ്രധാന വിധിയുണ്ടായത്. അപ്പോഴും പിറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നില്ല. നഗരത്തില്‍ ട്രാഫിക് ലംഘനങ്ങള്‍ നടത്തുമ്പോള്‍ ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് അതിന്‍െറ കൂടി പിഴ ചുമത്തുകയാണ് നിലവില്‍ ചെയ്യുന്നത്. ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമം 1988 ലെ സെക്ഷന്‍ 129 പ്രകാരമാണ് ശിക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.